02 ഒക്ടോബർ 2025, വ്യാഴം:
👉 ഗുരുദേവൻ അറിവിൻ്റെ പ്രതീകമായി ദേവതയെ ആണ് പ്രതിഷ്ഠിച്ചത്. ദേവനെ അല്ല എന്നോർക്കണം. എന്തുകൊണ്ടായിരിക്കും?
ഈ പ്രപഞ്ചത്തിൽ ധർമം പരിരക്ഷിക്കേണ്ടന് സ്ത്രീയുടെ ചുമതലയാണ്. “കാമ, അർത്ഥ, മോഹങ്ങളിൽ നിന്നും ഉണർത്തി ആത്മജ്ഞാനം നൽകി അനുഗ്രഹിക്കേണമേ” എന്നാണ് ശിവഗിരിയിൽ ശാരദ ദേവി പ്രതിഷ്ഠയുടെ പ്രത്യേകത എഴുതി വച്ചിരിക്കുന്നത്… “അജ്ഞതയുടെ അന്ധകാരത്തിൽ നിന്നും അറിവിലേക്ക് ഉണർത്തുന്ന ദേവതയായിട്ടാണ് പ്രതിഷ്ഠ.” വരുംകാലങ്ങളിൽ പ്രതിഷ്ഠകളൊന്നുമില്ലാത്ത കാലം വന്നാലും നമ്മുടെ ശാരദ ഇവിടെത്തന്നെ നിലനിൽക്കണം എന്ന് ഗുരുദേവൻ പറഞ്ഞു. യഥാർത്ഥത്തിൽ “സ്ത്രീ” എങ്ങനെയായിരിക്കണം എന്നുള്ളതിൻ്റെ പ്രതീകമായിട്ടാണ് താമരയിൽ ഇരിക്കുന്ന ശാരദാദേവിയെ പ്രതിഷ്ഠിച്ചത്.
താമര ചെളിയിൽ ആണ് വളരുന്നതെങ്കിലും, അല്പം പോലും ചെളി പുരളാറില്ല, മാത്രമല്ല ആ ചെളിയിൽ നിന്നുകൊണ്ട് തന്നെ ഏറ്റവും ഭംഗിയുള്ള പൂക്കൾ തന്ന് മറ്റുള്ളവരിൽ സന്തോഷം ജനിപ്പിക്കുന്നു. ഒന്നിനോടും പ്രത്യേകിച്ച് ഒട്ടൽ ഇല്ലാതെ നിസ്സംഗമായി നിലകൊള്ളുന്നു. അതുപോലെയാവണം സ്ത്രീകൾ, അവർ എത്ര മോശമായ ചുറ്റുപാടിൽ ജീവിച്ചാലും, ഒരിക്കലും ഒരു ചീത്തയും അവരെ ബാധിക്കാൻ പാടില്ല എന്നാണ് താമരയിൽ ഇരിക്കുന്ന ദേവി പ്രതിഷ്ഠ നമ്മളെ പഠിപ്പിക്കുന്നത്…
“നിസ്വാർത്ഥമായി, നിഷ്പക്ഷമായി, സ്വയം പ്രകാശിച്ചുകൊണ്ട് എന്നും സത്യത്തിന്റെയും, ധർമത്തിന്റെയും ഭാഗത്ത് മാത്രം നിലകൊള്ളേണ്ടവർ ആണ് സ്ത്രീകൾ”. അപ്പോൾ മാത്രമേ ഒരു നല്ല തലമുറക്ക് സൃഷ്ടി നൽകി, സത്യത്തിന്റെയും ധർമത്തിന്റെയും പാതയിൽ തന്റെ കുടുംബത്തെ സംരക്ഷിച്ച്, അവസാനം ആത്മജ്ഞാനത്തിലേക്ക് നയിച്ച് ഓരോ സ്ത്രീക്കും തന്റെ ധർമം പൂർത്തീകരിക്കാൻ സാധിക്കുകയുള്ളു.
ഗുരുക്കന്മാർ പറഞ്ഞു, “സ്ത്രീ നന്നായാൽ ലോകം നന്നായി..!”. കാരണം ആണായാലും പെണ്ണായാലും ഒരു അമ്മയിലൂടെയാണ് ജനിക്കുന്നത്… ഒരു സ്ത്രീ ഈ പ്രപഞ്ച ധർമമനുസരിച്ച് ജീവിച്ചാൽ ഈ ലോകത്തിനു മാർഗദർശനം നൽകാൻ സാധിക്കുന്ന ആത്മജ്ഞാനികളായ സത്സന്താനങ്ങൾക്കു ജന്മം കൊടുക്കാൻ സാധിക്കും. അത് അവരുടെ കഴിവാണെന്നു തെറ്റിദ്ധരിക്കണ്ട, പ്രപഞ്ച ധർമമനുസരിച്ച് ജീവിതം നയിച്ച് നിസ്വാർത്ഥമായി ഈ പ്രപഞ്ചത്തിൽ നിലകൊള്ളുന്ന ഒരു സ്ത്രീക്ക് പ്രപഞ്ചം തരുന്ന അനുഗ്രഹമാണ് സത്സന്താനങ്ങൾ…!
👉ശ്രീ നാരായണ ഗുരുദേവൻ “സ്വന്തം ജീവിതത്തിലൂടെ” ഒരു “പുരുഷൻ്റെ ധർമം” എന്താണെന്ന് ലോകത്തിനു കാണിച്ച് കൊടുത്തു. അതുപോലെ തന്നെ “ശാരദ ദേവിയുടെ പ്രതിഷ്ഠയിലൂടെയും”, “ഭാര്യാധർമം” എന്ന കൃതിയിലൂടെയും ഒരു “സ്ത്രീ എങ്ങനെ ആയിരിക്കണം” എന്നും ലോകത്തിനു പറഞ്ഞു കൊടുത്തു.
================================================
👉 “വിദ്യകൊണ്ട് സ്വതന്ത്രരാവണം” എന്ന് ഗുരുദേവൻ പറഞ്ഞു.
================================================
എല്ലാ കെട്ടുപാടുകളിൽ നിന്നും മനുഷ്യനെ സ്വതന്ത്രമാക്കാൻ ഉതകുന്ന ഒരു വിദ്യയാണ് ഗുരുദേവൻ ഉദ്ദേശിച്ചത്.
അത് നമ്മൾ ഇന്ന് അഭ്യസിക്കുന്ന ഭൗതീക വിദ്യാഭ്യാസം അല്ല. “ആത്മവിദ്യയാണ്”. ആത്മവിദ്യയിലൂടെ മാത്രമേ ഒരാൾക്ക് പൂർണതയിൽ എത്തിച്ചേരാൻ സാധ്യമാകുകയുള്ളൂ. “എല്ലാ കെട്ടുപാടുകളിൽ നിന്നും മോചനം നേടി ഈ ലോകത്തിനു അറിവിന്റെ പ്രകാശം പകരാൻ ഉതകുന്ന ആത്മവിദ്യയുടെ ആദ്യാക്ഷരങ്ങൾ ആണ് ഓരോ കുഞ്ഞും ശാരദ ദേവിയുടെ മുന്നിൽ നിന്നും കുറിക്കേണ്ടത്”. അന്ധതയെ നീക്കി അറിവിന്റെ പ്രകാശം പരത്തുന്ന ആത്മജ്ഞാനികളായ തലമുറകൾ ആണ് ഈ ലോകത്തിനു ഇനി ആവശ്യം.
ഗുരുദേവൻ പറഞ്ഞു, “ഈ ലോകം നിലനിൽക്കുന്നത് സത്യത്തിലാണ്…!”.
എന്നാൽ ഗുരുക്കന്മാർ പറഞ്ഞതിന് നേരെ വിപരീതമായി “അസത്യത്തിൽ പടുത്തുയർത്തിക്കൊണ്ടിരിക്കുന്ന” ഇന്നത്തെ ലോകത്തിന്റെ അധഃപതനം ദിനംപ്രതി നമ്മൾ അനുഭവിച്ചറിയുന്നു… ഗുരുനിന്ദ നാശത്തിലേക്കാണ്….!
സത്യവും ധർമവും ലോകത്ത് പുനഃസ്ഥാപിക്കാൻ “വിവേകികളായ, ജ്ഞാനികളായ” തലമുറകൾ വേണം… അതിന് ഭൗതീക വിദ്യാഭ്യാസത്തോടൊപ്പം ആത്മവിദ്യയും അഭ്യസിപ്പിക്കണം…. പുസ്തകത്തിലൂടെ ലഭിക്കുന്നതെല്ലാം വെറും ഇൻഫർമേഷൻ മാത്രമാണ്, Knowledge അല്ല. അനുഭവിച്ചറിയുന്നത് മാത്രമേ ഒരുവന്റെ knowledge ആയി മാറുന്നുള്ളു. ഉദാഹരണത്തിന്, പഞ്ചസാര കഴിച്ചിട്ടില്ലാത്ത ഒരാൾ പഞ്ചസാരയെക്കുറിച്ച് വിവരിച്ചിട്ടുള്ള 5,000 പേജുള്ള ഒരു പ്രബന്ധം എത്ര തവണ വായിച്ചാലും പഞ്ചസാരയുടെ രുചി അനുഭവിച്ചറിയാൻ സാധിക്കില്ല… എന്നാൽ വെറും ഒരു തരി പഞ്ചസാര വായിലിട്ട് രുചിച്ചു നോക്കിയാൽ മതി പഞ്ചസാരയുടെ മധുരം അനുഭവിച്ചറിയാൻ… രുചിക്കുന്നതോടെ അത് നമ്മുടെ ഭാഗമായി മാറി… നമ്മുടെ അറിവായി മാറി… പിന്നീട് നമുക്ക് അതിൽ സംശയമില്ല.
ധർമാധർമങ്ങളെ, സത്യാസത്യങ്ങളെ, നിത്യാനിത്യങ്ങളെ വിവേചിച്ചറിയാൻ ഒരു കുഞ്ഞിനെ പ്രാപ്തമാക്കുന്ന വിദ്യയാണ് നമ്മൾ അഭ്യസിക്കേണ്ടത്… ഇന്നത്തെ വിദ്യാഭ്യാസം കൂടുതൽ കൂടുതൽ ആഗ്രഹങ്ങളിലേക്കും മത്സരങ്ങളിലേക്കും നയിച്ച് പുതിയ പുതിയ കെട്ടുപാടുകളിലേക്ക് കൊണ്ടെത്തിക്കാൻ മാത്രമേ സഹായിക്കുന്നുള്ളു… എങ്ങനെ പണം സമ്പാദിക്കാം എന്നതിനപ്പുറം എങ്ങനെ മനസസമാധാനമയി സന്തോഷമായി ജീവിക്കാം എന്ന് പഠിപ്പിക്കുന്നില്ല… ഫലമോ? ജീവിതശൈലീരോഗങ്ങളും, ഡിപ്രഷനും, കുടുംബകലഹങ്ങളും, ഡിവോഴ്‌സും, കൊലപാതകവും, വെട്ടിപ്പിടിക്കലും, പരദൂഷണവും ഒക്കെ ആയി പരസപരം കലഹിക്കുന്ന ഒരു തലമുറ… ഇത് വാസ്തവത്തിൽ ശാസ്ത്രത്തിന്റെയും ആധുനീക വിദ്യാഭ്യാസത്തിന്റെയും വളർച്ചയാണോ??? കൂടാതെ, വർദ്ധിച്ചുവരുന്ന വരുന്ന ആശുപത്രികളും, മെഡിക്കൽ ഷോപ്പുകളും, രോഗികളുടെ എണ്ണവും യഥാർത്ഥത്തിൽ പുരോഗതിയാണോ അതോ അധഃപതനം ആണോ എന്നത് നമ്മൾ ചിന്തിക്കേണ്ടതുണ്ട്… പുരോഗതിയാണെങ്കിൽ മാനസികമായും ശാരീരികമായും ആരോഗ്യമുള്ള, ശാന്തിയും സമാധാനവുമുള്ള ഒരു ജനത ഇതിനോടകം സംജാതമായേനെ… ജീവിതത്തിലെ പ്രതിസന്ധികളെ നേരിടാൻപോലും അറിയാതെ മദ്യവും മയക്കുമരുന്നും, antidepresants-ഉം ആയി ഒന്നുറങ്ങാൻ വേണ്ടി ഉറക്കഗുളികകളെ അഭയം തേടുന്ന ഒരു യുവതലമുറ രാജ്യത്തിൻറെ സമ്പത്തല്ല…
ഭൗതീകതയിൽ മാത്രമായി ഒരു ലോകവും കെട്ടി ഉയർത്താൻ സാധിക്കില്ല, അത് അധികകാലം നിലനിൽക്കില്ല എന്ന് അനുഭവങ്ങൾ നമ്മെ പഠിപ്പിക്കുന്നു… കാരണം അടിത്തറ strong ആകണമെങ്കിൽ വ്യക്തികളുടെ base ആത്മീയതയിൽ ആയിരിക്കണം… ഇവിടെയാണ് ആത്മീയതയുടെയും, ആത്മവിദ്യയുടെയും പ്രാധാന്യം… ആത്മീയതയും ഭൗതീകതയും ഒരേ നാണയത്തിന്റെ ഇരു വശങ്ങൾ ആണ്…. “ആത്മീയതയിലൂന്നിയ ഭൗതീക ജീവിതം ആണ് ഇന്നത്തെ ലോകത്തിനാവശ്യം… അത് ലോകം അഭിമുഖീകരിക്കുന്ന എല്ലാ പ്രശ്നങ്ങൾക്കും ശാശ്വത പരിഹാരം ആണ്”.
==========================================
👉 “വിദ്യാധനം സർവ്വധനാൽ പ്രധാനം”.
==========================================
കുട്ടിക്കാലം മുതൽ കേൾക്കുന്ന ഒരു വാചകം… പഠിക്കുന്ന സമയത്ത് എന്തൊക്കെയോ കുറെ കാണാതെ പഠിച്ച് ഉപന്യാസങ്ങൾ എഴുതി മാർക്ക് വാങ്ങിയ ഒരു വലിയ വാചകം… അതിന്റെ അർത്ഥവ്യാപ്തി മനസിലാക്കാൻ ജീവിതത്തിന്റെ പകുതിയോളം എത്തേണ്ടി വന്നു… വർഷങ്ങളോളം മത്സരിച്ച്, കാണാപാഠം പഠിച്ച് മെഡലുകളും, സർട്ടിഫിക്കറ്ററുകളും സമ്പാദിച്ച് വലിയ വലിയ ഉദ്യോഗങ്ങൾ നേടി കോടീശ്വരന്മാരാകുന്ന വിദ്യയല്ല ഇവിടെ പരാമർശിച്ചിരിക്കുന്ന ഏറ്റവും വലിയ ധനമെന്നു പറയുന്ന ആ ശ്രെഷ്ഠമായ വിദ്യ…
ഒരിക്കലും നശിക്കാത്ത, കൊടുക്കുംതോറും ഏറി ഏറി വരുന്ന / കൂടുതൽ കൂടുതൽ ശോഭയോടെ തെളിഞ്ഞു തെളിഞ്ഞു വരുന്ന, അറിയുംതോറും വീണ്ടും വീണ്ടും അറിയാൻ തോന്നുന്ന, ലഭിക്കുംതോറും എല്ലാവർക്കും പങ്കുവച്ച് കൊടുക്കാൻ തോന്നുന്ന, അസൂയയില്ലാത്ത, മത്സരങ്ങൾ ഇല്ലാത്ത, രാഗദ്വേഷാദികൾ ഇല്ലാത്ത, , പ്രപഞ്ചത്തിലുള്ള സകലത്തിനോടും സ്നേഹവും ആദരവും ഉണ്ടാക്കി തരുന്ന ആ മഹത്തായ വിദ്യ “ആത്മവിദ്യ”യാണ്… അറിയുംതോറും നമ്മൾ ഈ പ്രപഞ്ചത്തിൽ ഒന്നുമല്ല, നമ്മൾ എത്രമാത്രം നിസ്സാരനാണ് എന്ന സത്യം വീണ്ടും വീണ്ടും ബോധ്യപ്പെടുത്തി തരുന്ന ഒരു മഹത്തായ വിദ്യ… കൂടുതൽ കൂടുതൽ അറിയുംതോറും നമ്മുടെ അഹങ്കാരം ഇല്ലാതായി ഇല്ലാതായി, നമ്മൾ അത്രമാത്രം താഴ്മയുള്ളവൻ ആയി മാറുന്നു…! ഒരിക്കലും തീരാത്ത ഒരു പഠനം ആണത്… ഇതൊരു ആഴക്കടൽ ആണ്… എത്ര എടുത്താലും, എത്ര കൊടുത്താലും തീരാത്ത അറിവ്…! എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം അവനവനിൽ തന്നെ തെളിഞ്ഞു തെളിഞ്ഞു വരുന്ന ഒരു അത്ഭുത പ്രതിഭാസം… ഉത്തരങ്ങൾ തേടി എങ്ങും പോവണ്ട… നിത്യ ജീവിതത്തിൽ നമ്മൾ ചെയ്യേണ്ടതായ എല്ലാ കർമങ്ങളും ചെയ്യുന്നതോടൊപ്പം, നമ്മൾ പോലും അറിയാതെ നമ്മുടെയുള്ളിൽ നടക്കുന്ന പാലാഴി മഥനം… അനേകം ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളും സ്വയം അനുഭവിച്ചറിയുന്ന അവസ്ഥ… ഗുരുദേവൻ പറഞ്ഞു “അറിവാണ് ദൈവം”… ദൈവത്തെ അനുഭവിച്ചറിയുന്ന ആ മഹത്തായ അറിവ്… നമ്മുടെ സ്രേഷ്ഠരായ ഗുരുപരമ്പരയുടെ സംഭാവന…! പറഞ്ഞാലും എഴുതിയാലും തീരില്ല… ഇതൊരനുഭവ തലമാണ്… ആ സുഖം അനുഭവിച്ചു മാത്രമേ അറിയാൻ സാധിക്കൂ…
ജാതകം എഴുതിയ ജ്യോൽസ്യൻ പറഞ്ഞു… എത്ര ബുദ്ധിമുട്ടിയാണെങ്കിലും, ഉള്ളതൊക്കെ വിറ്റിട്ടാണെങ്കിലും മക്കളെ പഠിപ്പിക്കണം… ജാതകത്തിലുള്ള വിശ്വാസം മൂലം അദ്ദേഹം പറഞ്ഞത് അക്ഷരം പ്രതി അനുസരിച്ച് എന്റെ അച്ഛൻ അതുപോലെ തന്നെ ചെയ്തു… എല്ലാം ചെയ്യുമ്പോഴും അച്ഛൻ പറയുന്ന ഒരു വാചകം “വിദ്യാധനം സർവ്വധനാൽ പ്രധാനം”… കൂടാതെ “എനിക്കൊന്നും വേണ്ട, നിങ്ങൾ സുഖമായി ജീവിക്കണം” എന്ന നിസ്വാർത്ഥ മനോഭാവവും… എഞ്ചിനീയറിംഗ് കഴിഞ്ഞപ്പോൾ തുടർന്ന് M.Tech പഠിപ്പിക്കണം എന്ന് അച്ഛന് ആഗ്രഹം ഉണ്ടായിരുന്നു… പഠിക്കാൻ എനിക്കും ഇഷ്ടമായിരുന്നു… റിസേർച് ചെയ്യണം എന്നത് എന്റെ വലിയ ഒരു മോഹം ആയിരുന്നു… പക്ഷെ ജോലിയും വരുമാനവും ആണ് അന്നത്തെ സാഹചര്യത്തിൽ കൂടുതൽ ആവശ്യം എന്ന് മനസിലാക്കി പഠിക്കാനുള്ള ആഗ്രഹം മാറ്റിവച്ചു… പക്ഷെ ഇന്ന് ഈ പ്രപഞ്ചത്തിൽ നിന്നും നമുക്ക് കിട്ടാവുന്നതിൽ ഏറ്റവും ശ്രെഷ്ഠമായ, അമൂല്യമായ റിസർച്ച് നിരന്തരം എന്നിൽ നടക്കുന്നു… അതിനു പൈസ മുടക്കില്ല, കോളേജിൽ പോവേണ്ട ആവശ്യമില്ല, വീട്ടുജോലികളും, ഭർത്താവ് മക്കൾ കുടുംബം ജോലി തുടങ്ങി നമ്മുടെ ഉത്തരവാദിത്വങ്ങൾ ഒന്നും മാറ്റി വയ്‌ക്കേണ്ട ആവശ്യവുമില്ല… ടെൻഷൻ ഇല്ല, സ്ട്രെസ് ഇല്ല, പൊളിറ്റിക്സ് ഇല്ല, മത്സരമില്ല… അറിയുംതോറും ആത്മസംതൃപ്തി മാത്രം… ഗുരുദേവൻ ശരിയായ വിദ്യ എന്നെ പഠിപ്പിക്കുന്നു… ശരിയായ റിസർച്ച് എന്താണെന്നു പഠിപ്പിക്കുന്നു… ശരിയായ അറിവ് എത്തിച്ച് തരുന്നു…! ആത്മവിദ്യ എന്ന മഹത്തായ ധനം അനുഭവിച്ചറിയുന്നു… എല്ലാരും ഈ സുഖം അനുഭവിക്കണം എന്നൊരാഗ്രഹം മാത്രമേ ഉള്ളു…
വിലമതിക്കാനാവാത്ത ഇത്രയും മഹത്തായ അറിവ് തരുന്ന ആ മഹാഗുരുവിന് സമർപ്പിക്കാൻ ഞങ്ങളുടെ ജീവിതം മാത്രമേയുള്ളു… എല്ലാവരും ഗുരുദേവന്റെ വാക്കുകളെ സ്വന്തം താൽപര്യങ്ങൾക്കായി വളച്ചൊടിക്കുമ്പോൾ ഗുരുവിന്റെ തത്വത്തിൽ അല്പംപോലും മായം ചേർക്കാതെ ലോകർക്ക് എത്തിക്കണം എന്നത് വല്യ ഒരു മോഹം ആയിരുന്നു… ഏകദേശം 33 വർഷങ്ങൾ കഴിഞ്ഞു…. ജീവിതത്തിലെ ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും കാരണം എല്ലാ ആഗ്രഹങ്ങളും നടക്കാത്ത സ്വപ്നങ്ങളായി ഉള്ളിൽ അവശേഷിച്ചു… നേർച്ച നേരുക എന്നത് എനിക്കിഷ്ടമല്ല… ദൈവത്തോട് condition വച്ച് പ്രാർത്ഥിക്കുന്നതും എനിക്കിഷ്ടമല്ല… എനിക്ക് യോഗ്യതയുള്ളതു മാത്രം ലഭിച്ചാൽ മതി എന്നൊരു ചിന്തയായിരുന്നു എന്നും ഉള്ളിൽ… കൂടാതെ, എവിടെയായാലും എനിക്കുള്ളത് എനിക്ക് തന്നെ കിട്ടും എന്നും ഒരു ചിന്ത ഉണ്ടായിരുന്നു… പക്ഷെ എന്റെ പ്രാരാബ്ധങ്ങൾ എന്നെ തോൽപ്പിച്ചു… എന്ത് ചെയ്താലും പൈസ കിട്ടാതെ നട്ടം തിരിഞ്ഞ ഒരു അവസ്ഥയിൽ എനിക്കും ഗുരുവിനോട് ആവശ്യപ്പെടേണ്ടി വന്നു… “ഞങ്ങൾക്ക് എന്ത് കിട്ടിയാലും ഒരു വിഹിതം ഗുരുധർമത്തിനു വേണ്ടി വിനിയോഗിക്കും എന്ന കണ്ടീഷൻ… അന്നത്തെ എന്റെ ഒരു ഗതികേട് അതായിരുന്നു…”. പക്ഷെ ഇന്ന് ഞങ്ങൾക്ക് സ്വന്തമായി ഒന്നുമില്ല, എന്ത് കിട്ടിയാലും അതിന്റെ ഒരു വിഹിതം അല്ല, മറിച്ച് മുഴുവനായും ഗുരുവിന് സമർപ്പിക്കുന്നു… കാരണം ഒന്നും നമ്മുടെ കഴിവല്ല മറിച്ച് ഗുരുദേവന്റെ അനുഗ്രഹം ആണെന്നുള്ള ബോധ്യം ഓരോ നിമിഷവും ഉള്ളിൽ ഉണ്ട്… ഇത്രയും നാൾ സമ്പാദിച്ചതും, നേടിയതും, ഞങ്ങളുടെ ജീവിതവും, ഗുരുദേവൻ അനുഗ്രഹമായി തന്ന മക്കളെയും എല്ലാം ഗുരുവിന്റെ പ്രവർത്തനത്തിന് വേണ്ടി സമർപ്പിക്കുന്നു…. ആ മഹാഗുരുവിന്റെ ദൗത്യം പൂർത്തീകരിക്കുന്നതിന് ഏതെങ്കിലും വിധത്തിൽ ഇതെല്ലാം സഹായമാകുമെങ്കിൽ അതിനപ്പുറം ഒരു സൗഭാഗ്യം ഈ ജന്മത്തിൽ ഞങ്ങൾക്കില്ല…
അറിവിന്റെ നിറകുടങ്ങളായി സ്ഥൂലത്തിലും സൂക്ഷ്മത്തിലുമായി നിലകൊള്ളുന്ന ഒരു ഗുരുപരമ്പര തന്നെ നമുക്കുണ്ട്… അവർ തങ്ങളുടെ അറിവ് പകർന്നു കൊടുക്കാൻ യോഗ്യതയുള്ള ശിഷ്യന്മാരെ തേടിക്കൊണ്ടിരിക്കുന്നു… ആ യോഗ്യത നേടണമെങ്കിൽ ഗുരുക്കന്മാർ പറഞ്ഞപോലെ പഞ്ചശുദ്ധിയും(ശരീരശുദ്ധി, വാക്ശുദ്ധി, മനഃശുദ്ധി, ഇന്ദ്രിയശുദ്ധി,ഗൃഹശുദ്ധി), പഞ്ചധർമവും(അഹിംസ, സത്യം, അസ്തേയം, അവ്യഭിചാരം, മധ്യവർജ്ജനം) പാലിച്ച് ജീവിക്കണം…
ഒരു മനുഷ്യൻ ജനനം മുതൽ മരണം വരെ എങ്ങനെ ജീവിക്കണമെന്നു തുടങ്ങി ഈ പ്രപഞ്ചം എങ്ങനെ ഉണ്ടായി എന്നും, സൃഷ്ടിയുടെ രഹസ്യവും, കൂടാതെ സയൻസ് പറയുന്ന ക്വാണ്ടം തീയറിയും, GOD particles-ഉം എല്ലാം അതിൽപ്പെടുന്നു… എന്തിനാണ് ജനിക്കുന്നത്, എന്തുകൊണ്ടാണ് തന്റെ ജീവിതം ഇങ്ങനെ ആയത്, എന്തുകൊണ്ടാണ് എനിക്കീ ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും വരുന്നത്, എന്തിനാണ് വിവാഹം, എന്തിനാണ് കുട്ടികൾ, സത്സന്താനങ്ങൾക്ക് എങ്ങിനെ ജന്മം നൽകാം, മരണം എന്താണ് , മരണശേഷം എന്താണ്, ധർമത്തിൽ എങ്ങനെ പണം സമ്പാദിക്കാം, സമ്പാദിച്ച പണം എങ്ങനെ വിനിയോഗിച്ചാൽ എന്നും നിലനിൽക്കും, എന്നും സന്തോഷവും സമാധാനവുമായി എങ്ങനെ ജീവിക്കാം തുടങ്ങി ഏറ്റവും സാധാരണയിൽ സാധാരണക്കാരന് വേണ്ടത് മുതൽ സയൻസിനും, സത്യാന്വേഷിക്കും വേണ്ട അറിവുകൾ വരെ എല്ലാം അതിൽ ഉണ്ട്… കൂടാതെ നമുക്കുത്തരമില്ലാത്ത എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരങ്ങളും അതിൽപ്പെടുന്നു… ഉദാഹരണമായി, കുട്ടിക്കാലം മുതൽ തമാശയായി ചോദിക്കുന്ന ഒരു ചോദ്യമാണ്, മാങ്ങയാണോ മാങ്ങാണ്ടിയാണോ മൂത്തത്? അല്ലെങ്കിൽ കോഴിയാണോ മുട്ടയാണോ ആദ്യം ഉണ്ടായത്??? ഇതൊന്നും ഉത്തരമില്ലാത്ത ചോദ്യമല്ല… ഇതിന്റെ ഉത്തരവും നമ്മളെ അനുഭവിപ്പിച്ചു തരും…
ആചരണവും ആഘോഷവും ഒന്നുമല്ല ഇനി വേണ്ടത്… ഗുരുക്കന്മാർ പറഞ്ഞതനുസരിച്ച് ജീവിച്ച് നമ്മൾ നന്നാവണം… ഗുരുദേവൻ പറഞ്ഞു, “മതമേതായാലും മനുഷ്യൻ നന്നാവണം”… ഇതുതന്നെയാണ് എല്ലാ ഗുരുക്കന്മാരുടെയും ആഗ്രഹം…
ഇനിയുള്ള തലമുറക്ക് യഥാർത്ഥ ജ്ഞാനം അനുഭവിച്ചറിയാനുള്ള മഹാഭാഗ്യം ഗുരുപരമ്പരയുടെയും, പ്രപഞ്ചത്തിന്റെയും അനുഗ്രഹം കൊണ്ട് സാധ്യമാവട്ടെ എന്ന് ആഗ്രഹിക്കുന്നു…
==============================================
👉 “ധനം വിദ്യയാകും, വിദ്യ സേവനാമാകും.”
==============================================
പഠിക്കുന്ന സമയത്ത് നല്ലവരായ ചില ബന്ധുക്കൾ, SN ക്ലബ്, ആലുവ അദ്വൈതാശ്രമത്തിലുള്ളവർ, പരിചയക്കാരായ സുഹൃത്തുക്കൾ അങ്ങനെ ഒരുപാട് ആളുകളുടെ സപ്പോർട്ട് (മോറൽ സപ്പോർട്ട്, സാമ്പത്തിക സഹായം) കൂടെയുണ്ടായിരുന്നു… ഓരോ മുഖവും ഓർക്കുമ്പോൾ ഉള്ളിൽ കണ്ണുനീർ വരും… ഒരുപാട് പേരുടെ ദാനമാണ് എന്റെ ജീവിതം… എല്ലാവരോടും നന്ദി മാത്രമേയുള്ളു… എഞ്ചിനീയറിംഗ്-ന് പഠിക്കുമ്പോൾ Dr. Rajappan Sir (Specialist Hospital , EKM) ആണ് എന്നെ സ്പോൺസർ ചെയ്തത്… പഠിത്തം കഴിയുമ്പോൾ ഒരുപാടു പേരെ അങ്ങനെ പഠിക്കാൻ സഹായിക്കണം എന്നൊക്കെ എനിക്കും ആഗ്രഹം ഉണ്ടായിരുന്നു… പക്ഷെ ജീവിത പ്രാരാബ്ധങ്ങൾ കാരണം ആഗ്രഹങ്ങൾ പൂർണമായും സഫലമാകാൻ സാധിച്ചില്ല… ചെറിയ ചെറിയ സഹായങ്ങൾ അല്ലാതെ വലിയ രീതിയിൽ ഒന്നും ചെയ്യാൻ എന്നൊക്കൊണ്ട് കഴിഞ്ഞില്ല… അത് ഉള്ളിൽ എന്നും ഒരു ദുഃഖമായി തന്നെ അവശേഷിച്ചു…
ഒരിക്കൽ പഠിത്തം എല്ലാം കഴിഞ്ഞു Dr.Rajappan Sir-നെ കാണാൻ ഞാനും അച്ഛനും കൂടി ചെന്നു… ഞങ്ങൾ സ്വയം പരിചയപ്പെടുത്തി… അദ്ദേഹത്തിന് ഒരേയൊരു ചോദ്യമേ ഉണ്ടായിരുന്നുള്ളു… “എത്ര പേരെ പഠിപ്പിച്ചു?”. ഉത്തരമില്ലാതെ നിസ്സഹായയായി എനിക്കവിടെ നിൽക്കേണ്ടി വന്നു… ഞങ്ങളുടെ പ്രാരാബ്ധം അദ്ദേഹത്തോട് പറഞ്ഞിട്ടെന്തു കാര്യം…? നെഞ്ചിൽ വല്ലാത്ത ഭാരവും ദുഖവും കൂടി കൂടി വന്നു… ആർക്കും ഒന്നും ചെയ്യാൻ കഴിയുന്നില്ലല്ലോ എന്ന വേദനയും ഒരു സ്വകാര്യ ദുഃഖമായി എന്നും അവശേഷിച്ചിരുന്നു…
എന്നാൽ കാലം എന്റെ ആഗ്രഹങ്ങൾക്ക് ചിറകുകൾ നൽകി… സഹായിച്ച ഓരോ വ്യക്തിയോടും പൂർണമായും നീതി പുലർത്തി എന്ന് ഉള്ളിന്റെയുള്ളിൽ നിന്നും പറയാൻ ഇന്നെനിക്ക് സാധിക്കും… ആരുടേയും സഹായവും പ്രാർത്ഥനയും കഷ്ടപ്പാടുകളും ഞാൻ വ്യർത്ഥമാക്കിയില്ല എന്ന് 100% ഉള്ളിൽ തട്ടി പറയാൻ സാധിക്കും… വെറുതെ ഒരാളെ പഠിപ്പിക്കുന്നതിലോ, സഹായിക്കുന്നതിലോ അല്ല, മറിച്ച് ശരിയായ വിദ്യ പഠിപ്പിക്കുന്നതിലാണ് കാര്യം എന്ന് ഗുരുദേവൻ ബോധ്യപ്പെടുത്തി തന്നു… ഗുരുദേവൻ പറഞ്ഞു “ധനം വിദ്യയാകും, വിദ്യ സേവനമാകണം” എന്ന്… നമ്മൾ അഭ്യസിക്കുന്ന വിദ്യകൊണ്ട് അവനവനും സമൂഹത്തിനും നന്മയുണ്ടാവണം… ഇന്ന് SMS മെഡിറ്റേഷൻ പഠിക്കുന്ന ഓരോ വ്യക്തിയും ഗുരുദേവൻ പറഞ്ഞു തന്ന പഞ്ചശുദ്ധിയും, പഞ്ചധർമവും ജീവിതത്തിൽ അനുഷ്ഠിച്ച് ഒരു ജീവിയെ പോലും ഉപദ്രവിക്കാതെ ലോകത്തിന് നന്മ ചെയ്ത് ജീവിക്കാൻ പ്രാപ്തരായിക്കൊണ്ടിരിക്കുന്നു…
സത്യം, ധർമം , ദയ = ശാന്തി എന്ന് ഗുരുദേവൻ പ്രതിഷ്ഠ നടത്തിയിട്ടുണ്ട്… സത്യം പറയണം, ധർമം ആചരിക്കണം, സഹജീവികളോട് അനുകമ്പ ഉണ്ടാകണം… ഇവ മൂന്നും ഉണ്ടായാൽ നമുക്ക് ശാന്തി കിട്ടും… അല്ലാതെ ദൈവത്തിന്റെ മക്കളെ കൊന്നു തിന്ന് ദൈവത്തിന്റെ പടത്തിനു മുന്നിൽ വിളക്ക് കത്തിച്ചിട്ട് ഒരു ഭലവും ഇല്ല…. SMS മെഡിറ്റേഷനിലൂടെ സത്യവും ധർമവും പ്രപഞ്ചം പഠിപ്പിച്ചു തരുന്നു… സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും നമ്മളിൽ പ്രവർത്തിച്ച്, നമുക്കാവശ്യമായ പരിവർത്തനം നടത്തി, നമ്മളിൽ അനുകമ്പ നിറച്ച്, നമ്മളെ മനുഷ്യന്റെ ക്വാളിറ്റിയിലേക്ക് ഉയർത്താൻ സഹായിക്കുന്നു….
അറിവാണ് ഏറ്റവും വലിയ ധനം… അത് മനുഷ്യനെ എല്ലാ കെട്ടുപാടുകളിൽ നിന്നും, പ്രശ്നങ്ങളിൽ നിന്നും മുക്തനാക്കുന്നു… ആ അറിവിന് മുന്നിൽ മറ്റൊന്നും വേണമെന്ന ആഗ്രഹം ഇല്ല… സമാധാനവും, സുഖവും, ആത്മസംതൃപ്തിയും ഓരോ വ്യക്തിയും അനുഭവിക്കും…
വിജയദശമി നാളിൽ ശാരദാദേവിയുടെ മുന്നിൽ നിന്നും ആ മഹത്തായ ജ്ഞാനത്തിലേക്കുള്ള തുടക്കം കുറിക്കാൻ ഓരോ കുഞ്ഞിനും ഭാഗ്യം ഉണ്ടാവട്ടെ…! ഗുരുദേവന്റെയും ഗുരുപരമ്പരയുടെയും അനുഗ്രഹം ഉണ്ടാവട്ടെ…!

