Date – 19/04/2025
നമസ്തെ ഗുരുജി,
നമസ്തേ ഗുരുമാതാ.
✍️“ശിവം എന്നാൽ അറിവ് ആകുന്നു. ശിവലിംഗം എന്നാൽ അറിവിന്റെ അടയാളവും.”
ഇന്ന് ക്ലാസ്സിന്റെ തുടക്കത്തിൽ ബ്രേക്ക് കഴിഞ്ഞു അനുവാദത്തിനായി വിളിച്ചവരിൽ ഒരാൾ സ്വന്തം മകൾ ശവക്കറി കഴിക്കുന്നത് ന്യായീകയ്ക്കുന്ന വിധം ഗുരുവിനോട് സംസാരിക്കുകയുണ്ടായി. മെഡിറ്റേഷൻ ചെയ്യുന്നവർക്ക് എങ്ങനെയാണ് ഇത് പറയുവാൻ സാധിക്കുന്നത്?. സ്വന്തം മക്കൾ കഴിക്കുന്നത് നമ്മളെ പോലെ ജീവനുള്ള ഒരു ജീവജാലത്തിന്റെ മാംസം ആണെന്ന് എന്തുകൊണ്ടാണ് ഇവർക്ക് മനസ്സിലാകാത്തത്?. പല ക്ലാസ്സുകളിലും ഗുരു ഇത് പറഞ്ഞിട്ടുള്ളതാണ്. ആ ജീവിക്കും ജീവൻ ഉണ്ട് എന്നത്. പച്ചമാംസത്തിൽ പച്ചിരുമ്പ് കയറുമ്പോൾ ഉള്ള വേദന അറിയണം എങ്കിൽ അവനവന്റെ മാംസത്തിൽ കത്തി കയറണം. എന്ത് ലാഘവത്തോടെ ആണ് അവർ ഗുരുവിന്റെ മുൻപിൽ ചിരിച്ചു കൊണ്ടിരുന്നത്. വിഷമം വന്ന നിമിഷങ്ങൾ. പറയാതെ വയ്യ.
നാൽക്കാലികൾ… മിണ്ടാപ്രാണികൾ… ഒരു അറവുകാരന്റെ കൈയിൽ ഒടുങ്ങുന്ന എത്രയോ ജീവിതങ്ങൾ… ഗുരുദേവൻ പറഞ്ഞ വാചകങ്ങൾ ഓർത്തുപോകുന്നു. “കൊല്ലുന്നതിനേക്കാൾ വലിയ പാപം അത് ഭുജിക്കലാണ്”.
ഗുരു മെഡിറ്റേഷനു ഉള്ള അനുവാദം നിഷേധിച്ചു. ഗുരു പറഞ്ഞു “അധർമ്മ പക്ഷത്തു നിൽക്കുവാൻ കഴിയില്ല”. ധർമ്മ-അധർമ്മങ്ങൾ ഗുരു ആ വാചകത്തിലൂടെ നമുക്ക് പറഞ്ഞു തന്നു.
✍️പുതിയ ആളുകളുടെ ചോദ്യങ്ങൾ ഉണ്ടെങ്കിൽ ചോദിക്കുവാൻ ഗുരു പറഞ്ഞു.
👉ഒന്നാമത്തെ ചോദ്യം : ആർക്കു വേണ്ടിയാണ് SMS മെഡിറ്റേഷൻ ചെയ്യുന്നത് ?
ഗുരു ക്ലാസ് interactive session ആക്കി. ശിഷ്യരോട് അറിയാവുന്നവർ ഉത്തരം പറയാൻ പറഞ്ഞു. പല പല ഉത്തരങ്ങൾ വന്നു. അവസാനം ഗുരു പറഞ്ഞു -“ആരൊക്കെ സുഖമായിട്ടും, സന്തോഷമായിട്ടും, സമാധാനമായിട്ടും ജീവിക്കുവാൻ ആഗ്രഹിക്കുന്നുണ്ടോ അവർക്കാണ് SMS മെഡിറ്റേഷൻ”.
👉രണ്ടാമത്തെ ചോദ്യം : എന്റെ ജീവിതം സുഖമായിട്ടാണ് പോകുന്നത്, പിന്നെ ഞാൻ എന്തിനു SMS മെഡിറ്റേഷൻ ചെയ്യണം?
നമ്മൾ ഭൂമിയിൽ ജനിച്ചു. ഇപ്പൊ സുഖവും, സന്തോഷവും ആയി ജീവിക്കുന്നു. എന്ന് വച്ച് ജീവിതകാലം മൊത്തം ഈ സുഖവും, സന്തോഷവും അനുഭവിക്കാൻ കഴിയുമെന്ന് തോന്നുന്നുണ്ടോ? നാളെ എന്ത് സംഭവിക്കുമെന്നോ, അടുത്ത നിമിഷം എന്ത് സംഭവിക്കുമെന്നോ നമുക്ക് അറിയില്ല. അങ്ങനെയുള്ളപ്പോൾ നമുക്ക് എങ്ങനെയാണ് എപ്പോഴും സുഖം തന്നെ അനുഭവിക്കും എന്ന് പറയാൻ കഴിയുക? സുഖമുണ്ടെങ്കിൽ ദുഖവും ഉണ്ട്. ഇത് രണ്ടിനെയും ബാലൻസ് ചെയ്തു ജീവിതം ഏതൊരു വ്യക്തിക്കും ജീവിതാന്ത്യം വരെ കൊണ്ട് പോയേ തീരൂ. അപ്പൊ ഒരു വ്യക്തിയുടെ മാനസികവും, ശാരീരികവും, ദാമ്പതികവും, സാമ്പത്തികവുമായ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം SMS മെഡിറ്റേഷൻ മുഖേന മാത്രമേ ലഭിക്കുകയുള്ളൂ .
നമ്മുടെ ജീവിതാനുഭങ്ങൾ എടുത്താൽ, ഇന്നത്തെ പല സന്തോഷങ്ങളും നാളത്തെ ദുഖത്തിലേക്കും, ഇന്നത്തെ പല ദുഃഖങ്ങളും നാളത്തെ സുഖത്തിനും കാരണമാകുന്നു എന്ന് മനസിലാകും… ഭൗതീകമായി ലഭിക്കുന്നത് ഒന്നും സ്ഥായിയല്ല… ശാശ്വതമല്ല… അത് മാറി മാറി കൊണ്ടിരിക്കുന്നു. എന്നാൽ സന്തോഷത്തിലും, ദുഖത്തിലും ഒരുപോലെ “ആത്മസുഖം” അനുഭവിച്ച് എന്നും ഒരുപോലെ സുഖമായി ഇരിക്കുന്ന ഒരവസ്ഥയുണ്ട്. ആ അവസ്ഥയിൽ സന്തോഷമായാലും, ദുഖമായാലും എല്ലാം തന്റെ കർമഫലം ആണെന്ന് ബോധ്യമുണ്ടാകും… അതുകൊണ്ടു തന്നെ സന്തോഷം വരുമ്പോൾ എന്തെന്നില്ലാത്ത സന്തോഷമോ, ആർത്തുല്ലസിക്കലോ, excitement-ഓ ഉണ്ടാവുന്നില്ല… ദുഃഖം വരുമ്പോൾ അപ്രതീക്ഷിതമായി നമുക്കുണ്ടാവുന്ന ഒരു പരിഭ്രാന്തിയോ, ദുഃഖത്തെക്കുറിച്ചോർത്ത് പരാതിയോ പരിഭവമോ കുറ്റപ്പെടുത്തലുകളോ ഉണ്ടാവുന്നില്ല… ജീവിതത്തിൽ സംഭവിക്കുന്നതെല്ലാം നമുക്ക് തെറ്റുകൾ തിരുത്തി നന്നാവാനുള്ള അവസരങ്ങളാണെന്നുള്ള “തിരിച്ചറിവുകൾ” മാത്രമാണെന്ന് ബോധ്യപ്പെടും… ഓരോ തിരിച്ചറിവ് ലഭിക്കുമ്പോഴും ആത്മ സംതൃപ്തി ലഭിക്കുന്നു… അങ്ങനെ ഓരോ നിമിഷവും “ആത്മസുഖത്തിൽ” ജീവിക്കാൻ സാധിക്കും. SMS മെഡിറ്റേഷൻ ഈ ആത്മസുഖത്തിലേക്കാണ് നമ്മെ എത്തിക്കുന്നത്.
👉ശിഷ്യർക്ക് മഹാസമാധി ലഭിക്കുമോ ? എന്നതായിരുന്നു അടുത്ത ചോദ്യം
ഗുരു സമാധിയെ കുറിച്ചും, മഹാസമാധിയെ കുറിച്ചും മനസ്സിലാക്കി തന്നു. ഒരു വ്യക്തി ജീവിച്ചിരിക്കുമ്പോൾ സ്വീകരിക്കുന്നത് ആണ് ജീവസമാധി. ഇത് SMS മെഡിറ്റേഷനിൽ നാം ദിവസവും അനുഭവിക്കുന്നുണ്ട്. മെഡിറ്റേഷനിൽ ശരീര ബോധം നഷ്ടപ്പെട്ട് ജീവനോടെ ഉണ്ടോ ഇല്ലയോ എന്ന് അറിയാതെ നാം ഇരിക്കാറുണ്ട്. ഇതാണ് ജീവസമാധി. മെഡിറ്റേഷൻ കഴിയുമ്പോൾ തിരികെ ജീവിതത്തിലേക്ക് വരുന്നു.
കൂടാതെ, സൂക്ഷ്മലോകത്തെക്കുറിച്ചും , പ്രപഞ്ചത്തെക്കുറിച്ചും കൂടുതൽ അറിയുവാനും, അനുഭവിക്കുവാനും വേണ്ടി ആത്മജ്ഞാനികളായ ഗുരുക്കന്മാർ തങ്ങളുടെ സ്ഥൂല ശരീരത്തെ നിശ്ചലമാക്കി ഇരുത്തിയ ശേഷം സുഷ്മലോകത്ത് യാത്ര ചെയ്ത്, ശരീരബോധത്തിൽ നിന്നും പ്രപഞ്ചബോധത്തിലേക്ക് ലയിച്ച് ചേരുന്ന അവസ്ഥ. ഇതൊരിക്കലും ഒരു വ്യക്തിക്ക് സ്വയം തീരുമാനിക്കാൻ സാധിക്കുന്ന കാര്യമല്ല, ധനം കൊണ്ട് നേടാവുന്നതുമല്ല. നമുക്ക് മുന്നേ കടന്നുപോയ ആത്മജ്ഞാനികളായ മഹാഗുരുക്കന്മാരുടെ പാതയിലൂടെ പിൻതുടരുവാനുള്ള സമയമായി എന്ന സത്യം നമ്മേ പ്രപഞ്ചം അറിയിക്കുമ്പോൾ മാത്രമേ ഇത് സാധിക്കു. ഇതൊരു വലിയ ആഴക്കടൽ ആണ് എപ്പോൾ മടങ്ങിവരുമെന്ന് ആർക്കും പറയാനാകില്ല. ചിലപ്പോൾ ആഴ്ചകൾ അല്ലെങ്കിൽ മാസങ്ങൾ എടുക്കും തിരികെ വരാൻ. ശരീരം മുഴുവൻ പ്രാണപ്രസരണം കൊണ്ട് വരിഞ്ഞ് മുറികിയ ശേഷം ഒരു പ്രത്യേകരീതിയിൽ ആകുന്നതിന്റെ ഭലമായി പുറത്തുനിന്ന് നോക്കുന്ന ഏതൊരാൾക്കും ധ്യനത്തിൽ (സമാധിയിൽ) ഇരിക്കുന്ന വ്യക്തിയുടെ ശരീരം മരവിച്ചതായി തോന്നും. ഇങ്ങനെ ഇരിക്കുന്ന ആളിന്റെ ശരിരത്തിൽ ഹൃദയമിടിപ്പോ! ശ്വസോഛോവാസമോ ഒന്നും തന്നെ ഉണ്ടായിരിക്കില്ല. ഇതും “ജീവസമാധിയാണ്”.
സമാധിയായവർ എല്ലാം ഉപേക്ഷിച്ചു പോകുന്നു. ഈ ഭൂമിയിലേക്ക് ഒരു വരവ് ഇല്ല.
“മഹാസമാധി” സ്വീകരിക്കുന്നത് ഗുരുക്കന്മാർ ആണ്. ബ്രഹ്മജ്ഞാനികളായ മഹാഗുരുക്കന്മാർ പ്രപഞ്ചത്തോടുള്ള അടക്കാനാവാത്ത പ്രതിബദ്ധതകൊണ്ട് ലോകക്ഷേമത്തിനായി തുടർന്നും പ്രവർത്തിക്കാൻ വേണ്ടി അവരുടെ സമാധിയായ ശരീരം സംരക്ഷിച്ചു സൂക്ഷിച്ചു വയ്ക്കുവാൻ ശിഷ്യഗണങ്ങളോട് നിർദേശിക്കുന്നു.. ശ്രീനാരായണ ഗുരുദേവൻ മഹാസമാധി സ്വീകരിക്കുമ്പോൾ ശരീരം എങ്ങനെ സംരക്ഷിക്കണം എന്ന് ശിഷ്യഗണങ്ങളോട് പറഞ്ഞിരുന്നു. ഗുരുദേവൻ ഭൂമിയിൽ ഒരു സ്വർഗ്ഗ ഭൂമി ഉണ്ടാക്കി വച്ചിട്ടുണ്ട്. ശിവഗിരിയിൽ മഹാസമാധി മണ്ഡപം സൃഷ്ടിച്ചു. എന്തിനെന്നാൽ മഹാസമാധിയിൽ ഇരിക്കുമ്പോളും ഭൂമിയുമായി ഒരു ബന്ധം നില നിർത്തുവാൻ വേണ്ടി, ഈ ഭൂമിയിൽ എപ്പോൾ വേണമെങ്കിലും വന്നു പ്രവർത്തനം നടത്തുവാൻ വേണ്ടി.
ഇനി സമാധിയായ ഒരാൾക്ക് ബ്രഹ്മത്തെ എങ്ങനെ കൈകാര്യം ചെയ്യണം എന്ന് അറിയില്ല , ബ്രഹ്മജ്ഞാനം കിട്ടിയില്ല എന്നിരിക്കട്ടെ, അയാൾക്ക് എങ്ങനെ സമാധിയായതിനു ശേഷം ഭൂമിയുമായി ബന്ധം സ്ഥാപിച്ചെടുക്കാൻ കഴിയും? അയാളുടെ ശരീരം സംരക്ഷിച്ചു വയ്ക്കുന്നത് കൊണ്ട് എന്ത് ഉപയോഗം ആണ് ഉള്ളത്?.
SMS മെഡിറ്റേഷൻ ചെയ്യുന്ന നമ്മൾക്ക് എന്തുകൊണ്ടാണ് നല്ല നല്ല അനുഭവങ്ങൾ ലഭിക്കുന്നത്? എങ്ങനെയാണ് നമുക്ക് ദൈവങ്ങളെ ദർശിക്കുവാനും, ആസ്ട്രൽ treatment ലഭിക്കുകയും ചെയ്യുന്നത്? നമ്മുടെ ഗുരുവിനു ഇതേക്കുറിച്ചെല്ലാം അറിവ് ഉള്ളതുകൊണ്ട് ആണ് നമുക്കും ഇതേക്കുറിച്ചു അറിയുവാനും,അനുഭവിക്കാനും കഴിയുന്നത്.
അതുപോലെ, ശ്രീനാരായണ ഗുരുദേവന്റെ ആഗ്രഹം ആണ് ലോകത്തിനു നന്മ ചെയ്യണം എന്നും, ഈ ഭൂമിയിലെ അവസാനത്തെ പുൽക്കൊടിക്ക് കൂടി മോക്ഷം ലഭിക്കുന്നത് വരെ നിസ്വാർത്ഥമായി പ്രവർത്തിക്കണം എന്നതും. അതുകൊണ്ട് ഗുരുദേവൻ മഹാസമാധി സ്വീകരിച്ചു.
👉അനില ചേച്ചി യുടെ സംശയം ആയിരുന്നു അടുത്ത്.
സൂര്യന്റെ കീഴിലുള്ള ഏഴു ചക്രങ്ങളെ കുറിച്ച് ഗുരു പറഞ്ഞുതന്നിട്ടുണ്ട്. ചന്ദ്രന്റെ കീഴിലുള്ള ചക്രങ്ങളെ കൂടി പറഞ്ഞു തരുമോ ഗുരുവേ ..
ചന്ദ്രനുമായി ബന്ധപെട്ടു കിടക്കുന്നത് മനസ്സിന്റെ ഏഴു തലങ്ങൾ ആണ്.
Conscious mind,
Subconscious mind,
Unconscious mind,
Superconscious mind,
Cosmic level,
Ozone Layer,
Conscience എന്നിവ.
നമ്മുടെ ചക്രങ്ങൾ ഒന്നും ഇരിക്കുന്നത് സ്ഥൂല ശരീരത്തിൽ അല്ല. എല്ലാം സൂക്ഷ്മശരീരത്തിൽ ആണ്. സൂര്യ ഭാവവും, ചന്ദ്രഭാവവും, ഇഡ, പിംഗള, സുഷുമ്ന നാഡികൾ എന്നൊക്കെ നാം കേട്ടിട്ടുണ്ടെങ്കിലും ചന്ദ്രഭാവത്തെ കുറിച്ച് ആരും ഇത് വരെ പറഞ്ഞിട്ടില്ല. 7 ചക്രങ്ങൾ എന്ന് നമ്മൾ പറയുമെങ്കിലും അത് കൂടിക്കൂടി വരും. ചിലപ്പോൾ 9, ചിലപ്പോൾ 14, അല്ലെങ്കിൽ 28 ഇങ്ങനെ കൂടി കൂടി വരും. എല്ലാം മനസ്സിലാക്കിയെടുക്കാൻ വളരെ ബുദ്ധിമുട്ട് ആണ്. നമുക്ക് 7 സൂക്ഷ്മ ശരീരങ്ങൾ ഉണ്ട്. ആ 7 സൂക്ഷ്മ ശരീരത്തിനും വ്യത്യസ്തങ്ങൾ ആയ ചക്രങ്ങൾ ഉണ്ട്.
ചന്ദ്രഭാവത്തിൽ മനസ്സിന്റെ 7 തലങ്ങളിൽ അവസാനത്തെ ആയ സാക്ഷി ആണ് നമുക്ക് കർമ്മഫലങ്ങൾ നൽകുന്നത്.
ഇത് കൂടുതൽ പറയുമ്പോൾ സംശയങ്ങൾ വീണ്ടും വീണ്ടും വന്നുകൊണ്ടിരിക്കും. അതുകൊണ്ട് ഗുരു പറയുന്ന മാർഗത്തിൽ മെഡിറ്റേഷൻ ചെയ്ത് അനുഭവിച്ചറിയുമ്പോൾ വ്യക്തത കൈവരും. അറിയാനുള്ള ത്വര ആണ് നമ്മുടെ ഉള്ളിൽ ഉണ്ടാകേണ്ടത്. എന്നാൽ മാത്രമേ നമുക്ക് അതിന്റെ ആഴങ്ങളിലേക്ക് യാത്ര ചെയ്യുവാൻ കഴിയുകയുള്ളു, പ്രപഞ്ചമാണ് നമ്മളെ എല്ലാം അനുഭവിപ്പിച്ചു തരുന്നത്.
നമുക്ക് ആഗ്രഹങ്ങൾ ജനിക്കുന്നത് ഒരു പണിയും ഇല്ലാതെ ഇരിക്കുമ്പോൾ ആണ്. ഇത്തിരി ടെൻഷനും, പ്രശ്നങ്ങളും ഉണ്ടെങ്കിൽ നമ്മൾ പരദൂഷണത്തിനു പോകില്ല. ആത്മീയതയുടെ ആഴങ്ങളെ കുറിച്ച് അറിയാൻ നമ്മുടെ ഉള്ളിൽ ഒരു ത്വര ഉണ്ടാവണം. അത് ഇല്ലാത്തതുകൊണ്ടാണ് നമ്മുടെ യൂട്യൂബ് ചാനലിലെ വീഡിയോസ് പോലും ആരും കാണാത്തത്.
ഗുരുജി ആത്മീയത അന്വേഷിച്ചു നടന്ന കാലത്ത് ആരും ഒന്നും പറഞ്ഞു തരാൻ ഇല്ലായിരുന്നു. ആത്മീയത “അനുഭവിച്ചറിഞ്ഞ വ്യക്തിക്ക്” മാത്രമേ അത് മറ്റൊരു വ്യക്തിക്ക് പറഞ്ഞു മനസിലാക്കികൊടുക്കുവാൻ സാധിക്കുകയുള്ളു.
👉 ക്ലാസ്സിലെ ഒരു വ്യക്തിയുടെ ചോദ്യം ആയിരുന്നു അടുത്തത്.
ശിവന്റെ അമ്പലത്തിൽ നാം പ്രദക്ഷിണം ചെയ്യുമ്പോൾ എന്തുകൊണ്ടാണ് ഓവ് മുറിച്ചു കടക്കാത്തത്.?
ശിവം എന്നാൽ അറിവ് ആകുന്നു. ശിവലിംഗം എന്നാൽ അറിവിന്റെ അടയാളവും. പലരും പറയും ശിവലിംഗ പ്രതിഷ്ഠ ഉള്ളിടത്തു ഓവ് മുറിച്ചു കടന്നാൽ ദോഷം ആണെന്ന്. അതിന്റെ പൊരുൾ സത്യത്തിൽ ആർക്കും അറിയില്ല എന്നതാണ് വാസ്തവം.
ഗുരുജിയുടെ ജീവിതത്തിൽ സംഭവിച്ച ഒരു കഥ ഇതുമായി കോർത്തിണക്കി ഗുരു പറഞ്ഞു. ഗുരു മുംബൈയിൽ ആയിരിക്കുമ്പോൾ ഗണപതി വിസർജ്ജൻ എന്ന ആഘോഷം വളരെ ഗൗരവത്തിൽ ചെയ്യുമായിരുന്നു. ഗുരുവിന്റെ വസതിയും , ഗണപതി വിസർജ്ജൻ നടക്കുന്ന സ്ഥലവും തമ്മിൽ അധികം ദൂരം ഇല്ല. അങ്ങനെ ആ ആഘോഷ ദിവസം ഗണപതി വിഗ്രഹം വിസർജ്ജൻ നടക്കുന്ന സ്ഥലത്ത് ഘോഷയാത്രയുടെ കൂടെ ഗൗരവമായി പോകുകയും അവസാനം ഗണപതിയെ നദിയിൽ വിസർജ്ജിക്കുകയും ചെയ്തു. ഇത് കഴിഞ്ഞപ്പോൾ കൂടെ ഉണ്ടായിരുന്ന ആൾ ഗുരുവിനോട് പറഞ്ഞു, “ഈ ചെയ്തത് ദു:ശ്ശകുനം ആണ്. എന്തിനാണ് നിങ്ങൾ വിഗ്രഹം ഒഴുക്കാൻ നേരത്ത് വിഗ്രത്തിൽ പിടിക്കാൻ കൂടിയത്?” എന്നൊക്കെ. അദ്ദേഹം പറഞ്ഞത് വച്ച് നോക്കുകയാണെങ്കിൽ ഗുരുവിനു ബുദ്ധിമുട്ട് ആണ് വരേണ്ടിയിരുന്നത്. സാമ്പത്തികമായും, ഭൗതീക ജീവിതത്തിലും പല ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും ഒക്കെ വന്നെങ്കിലും ആത്മീയ തലത്തിൽ ദിനംപ്രതി ഉയർച്ചയായിരുന്നു… പൂജകളിൽ നിന്നും വഴിപാടുകളിൽ നിന്നും മന്ത്രോച്ചാരണങ്ങളിൽ നിന്നും ധ്യാനത്തിലേക്ക് തിരിയാനും, ഗുരുദേവനിലേക്ക് എത്തിപ്പെടാനും കഴിഞ്ഞു,… ആ യാത്ര അവസാനം ബ്രഹ്മജ്ഞാനത്തിലേക്കും നയിച്ചു. നമ്മൾ സാധാരണ കാണുന്ന ബുദ്ധിമുട്ടുകൾ എല്ലാം കഷ്ടകാലങ്ങളാണെന്നു കുറ്റപ്പെടുത്താതെ നമുക്ക് മാറാനുള്ള അവസരങ്ങളാണെന്ന് മനസിലാക്കി നാം മാറിയാൽ എല്ലാം ശുഭം.
ശിവലിംഗത്തെ മുറിച്ചു കടക്കാൻ പാടില്ല എന്ന് പറയാൻ കാരണം അത് അറിവിന്റെ അടയാളം ആണ്. ശിവം എന്നാൽ പ്രപഞ്ചം മുഴുവൻ നിറഞ്ഞു നിൽക്കുന്ന അറിവ് ആണ്. അറിവിനെ ആർക്കും മുറിച്ചു കടക്കുവാൻ കഴിയില്ല. ഇതാണ് സത്യം.
ഒരു വ്യക്തിയെ സംബന്ധിച്ച് അച്ഛനും അമ്മയും ആണ് അവന്റെ പ്രപഞ്ചം. കൊച്ചു കുട്ടികൾ കമ്പ്യൂട്ടർ എന്താണെന്നു ചോദിച്ചാൽ പറയും. പക്ഷെ അതിനുള്ളിലെ ram , software , coding , എന്നിവ ചോദിച്ചാൽ അറിവ് കാണില്ല. അതുപോലെയാണ് ബ്രഹ്മവും, ബ്രഹ്മജ്ഞാനവും.
ഇനി ക്ഷേത്രങ്ങൾ അല്ല നമുക്ക് വേണ്ടത് , വിദ്യാലയങ്ങൾ ആണ് എന്ന് ഗുരു പറഞ്ഞു. (ഗുരുദേവ വചനം ).
ഗുരുദേവൻ ജീവിച്ചിരുന്നപ്പോൾ ആളുകൾക്ക് ശുദ്ധിയും, വൃത്തിയും കുറവായിരുന്നു. അത് കൊണ്ട് ഗുരുദേവൻ അവരോടു പറഞ്ഞു “മക്കളെ നിങ്ങൾ കുളിച്ചു വൃത്തിയായി ക്ഷേത്രത്തിൽ വന്നാൽ ദൈവത്തെ കാണാം”.
ഇന്നത്തെ കാലത്തു ആളുകൾക്ക് വേണ്ടത് നല്ല വിദ്യാഭ്യാസം ആണ്. ഗുരു ഊന്നി പറയുന്നതും ക്ഷേത്രങ്ങളെ കുറിച്ച് അല്ല, വിദ്യാലയങ്ങളെ കുറിച്ച് ആണ്. വരും തലമുറക്ക് നല്ല സംസ്കാരവും, യഥാർത്ഥ അറിവും പകർന്നു നൽകുന്ന വിദ്യാഭ്യാസ സമ്പ്രദായം ആണ് വേണ്ടത്.
“വിദ്യകൊണ്ട് സ്വതന്ത്രരാവണം” എന്നാണ് ശ്രീ നാരായണ ഗുരു പറഞ്ഞത്. എല്ലാ കെട്ടുപാടുകളിൽ നിന്നും മനുഷ്യനെ സ്വതന്ത്രമാക്കാൻ ഉതകുന്ന ഒരു വിദ്യയാണ് ഗുരുദേവൻ ഉദ്ദേശിച്ചത്. അത് നമ്മൾ ഇന്ന് അഭ്യസിക്കുന്ന ഭൗതീക വിദ്യാഭ്യാസം അല്ല, “ആത്മവിദ്യയാണ്”. ഇന്നത്തെ നമ്മുടെ ഭൗതീക വിദ്യാഭ്യാസം കൂടുതൽ കൂടുതൽ കെട്ടുപാടുകളിലേക്കും, ആഗ്രഹങ്ങളിലേക്കും, മോഹങ്ങളിലേക്കും, മത്സരങ്ങളിലേക്കും ആണ് നയിക്കുന്നത്. എല്ലാ കെട്ടുപാടുകളിൽ നിന്നും മോചനം നേടി, ഒന്നിനോടും attached-ഉം അല്ല എന്നാൽ ഒന്നിൽ നിന്നും detached-ഉം അല്ലാതെ, “നിഷ്കാമകർമം” ചെയ്ത് (ആഗ്രഹങ്ങളില്ലാതെ തിരികെ ഒന്നും പ്രതീക്ഷിക്കാതെ കർമം ചെയ്ത്) ജീവിതം നയിച്ച് പൂർണതയിൽ എത്തിച്ചേരാൻ ആത്മവിദ്യയിലൂടെ മാത്രമേ സാധ്യമാകുകയുള്ളൂ. അന്ധതയെ നീക്കി അറിവിൻ്റെ പ്രകാശം പരത്തുന്ന ആത്മജ്ഞാനികളായ തലമുറകൾ ആണ് ഈ ലോകത്തിനു ഇനി ആവശ്യം. ലോകക്ഷേമത്തിനായി മൂല്യബോധമുള്ള ഒരു തലമുറയെ വാർത്തെടുക്കാൻ ഭൗതീക വിദ്യാഭ്യാസത്തോടൊപ്പം ആത്മവിദ്യയും പരിശീലിക്കേണ്ടത് അത്യാവശ്യമാണ്. മത്സരബുദ്ധി സങ്കുചിത മനോഭാവത്തിലേക്ക് നയിക്കാൻ മാത്രമേ സഹായിക്കൂ, ത്യാഗമാണ് കുട്ടികളെ പഠിപ്പിക്കേണ്ടത്.
ഗുരുഗ്രാമത്തിലൂടെ തസ്മൈ വിഭാവനം ചെയ്യുന്ന “ആർഷ ഗുരുകുലം” ഗുരുദേവന്റെ ലക്ഷ്യം പൂർത്തീകരിക്കാനുള്ള എളിയ ശ്രമമാണ്.
ഗുരുവേ ….

