*26-10-2025*
ഗുരുദേവന്റെ പാദുകം സംരക്ഷിക്കാൻ “തസ്മൈ ട്രസ്റ്റ്ന്” പറ്റുമോ എന്ന് ഒരാൾ ചോദിച്ചു എന്ന് പറഞ്ഞപ്പോൾ ആദ്യം മനസിലേക്ക് വന്ന ചിത്രം രാമായണത്തിൽ ഭരതൻ തന്റെ ജ്യേഷ്ഠനായ ശ്രീരാമ ഭഗവാന്റെ പാദുകം തലയിൽ ചുമന്നുകൊണ്ട് വരുന്ന സന്ദർഭം ആണ്… ആ പാദുകം തന്റെ ജ്യേഷ്ഠന്റെ പ്രതീകമായി രാജസിംഹാസനത്തിൽ വച്ച്, ശ്രീരാമ ഭഗവാന്റെ പ്രതിനിധിയായി, “ധർമത്തിൽ അധിഷ്ഠിതമായി” അദ്ദേഹം അയോദ്ധ്യ രാജ്യം ഭരിച്ചു… അദ്ദേഹം ഒരിക്കലും ആ സിംഹാസനത്തിൽ ഇരിക്കുകയോ, രാജ കിരീടം വയ്ക്കുകയോ ചെയ്തില്ല…
ഒരു സംഭവ കഥ ഓർമ വരുന്നു… ശിവഗിരിയിൽ ശാരദപ്രതിഷ്ഠയ്ക്കു മുമ്പ് അവിടെയൊരു വേൽ വച്ച് പൂജ നടത്തിയിരുന്നു. ഒരു ദിവസം ആ വേൽ ഒരു ഭക്തൻ എടുത്ത് അടുത്തുള്ള കുറ്റിക്കാട്ടിലേക്കെറിഞ്ഞു. പകരമായി ഗുരുവിന്റെ പാദുകം വച്ച് പൂജ നടത്തി. കാര്യമറിഞ്ഞ് ചിലരെല്ലാം അയാളെ പിടിച്ച് ഗുരുവിനു മുന്നിൽ ഹാജരാക്കി. ആ വേൽ എന്തിനായിട്ട് എടുത്തുകളഞ്ഞുവെന്ന് ഗുരു ചോദിച്ചു. തൃപ്പാദ വിഗ്രഹമല്ലാതെ ഒന്നും പൂജിച്ചുകൂടെന്നാണ് അടിയങ്ങളുടെ വ്രതമെന്നും പാദുകം തൃപ്പാദസങ്കല്പമായി വച്ചിരിക്കുകയാണെന്നും അയാൾ പറഞ്ഞു. അപ്പോൾ ഗുരുദേവൻ അരുളിച്ചെയ്തതാണിത്. “പാദുകം നാമാകാമെങ്കിൽ വേൽ നാമായിക്കൂടെയോ?”
===============================================
*ആ പാദുകങ്ങളിൽ ഗുരുദേവനെ തന്നെ കാണുന്നു.*
===============================================
ഗുരുവിന്റെ പാദുകം… ഗുരുദേവൻ ഉപയോഗിച്ച വെറും രണ്ടു ചെരിപ്പുകൾ അല്ല… മറിച്ച് ആ പാദുകങ്ങളിൽ ഗുരുദേവനെ തന്നെ ഞാൻ കാണുന്നു…!
കഴിഞ്ഞ ദിവസം ഒരു കാര്യം ബോധ്യപ്പെടുത്താൻ വേണ്ടി, എന്റെ ഫോട്ടോ താഴെ ഇട്ട് അതിൽ ഒന്ന് ചവിട്ടാമോ എന്ന് മോനോട് ചോദിച്ചു… “പറ്റില്ല”, എന്ന് മോൻ പറഞ്ഞു… അത് വെറും ഒരു ഫോട്ടോ അല്ലെ, അതിൽ ചവിട്ടിയാൽ എന്താ കുഴപ്പം എന്ന് വീണ്ടും ഞാൻ ചോദിച്ചു. അപ്പോൾ മോൻ വീണ്ടും പറഞ്ഞു, “പറ്റില്ല…”. വീണ്ടും ഞാൻ പറഞ്ഞു അത് അമ്മയല്ലയോ… പെട്ടെന്ന് വളരെ വികാരഭരിതമായി, അല്പം ഉച്ചത്തിൽ മോൻ പറഞ്ഞു, “അമ്മയെ ചവിട്ടാൻ എനിക്ക് പറ്റില്ല…”. വെറുമൊരു പേപ്പറിൽ എടുത്ത പ്രിന്റ് ആണെങ്കിലും സ്വന്തം അമ്മയെയാണ് മോൻ അതിൽ കാണുന്നത്…
കഴിഞ്ഞ ശിവരാത്രി നാളിൽ ആലുവ ആശ്രമത്തിൽ പോയിട്ട് വന്നപ്പോൾ അച്ഛൻ രണ്ടു വിശറി കൊണ്ടുവന്നു… ഒരു ബിസിനസ് പ്രൊമോഷൻ ആയിരുന്നു… ഒരു വശത്ത് അവരുടെ പ്രോഡക്റ്റ്-ന്റെ ചിത്രവും ഡീറ്റെയിൽസും, മറു വശത്ത് ഗുരുദേവന്റെ പടവും… വിശറി ഒരെണ്ണം ഒടിഞ്ഞുപോയപ്പോൾ waste box-ഇൽ ഇട്ടു… മക്കൾക്ക് അത് കണ്ടപ്പോൾ വിഷമം ആയി… അതെടുത്തിട്ട് പറഞ്ഞു, “ഇവർ എന്തിനാണ് ഇങ്ങനെ ഗുരുസ്വാമിയുടെ പടം വിശറിയിൽ വയ്ക്കുന്നത്… വിശറി ചീത്തയായി കഴിഞ്ഞാൽ എല്ലാരും വേസ്റ്റ് കുട്ടയിലും, ഓടയിലും ഒക്കെ വലിച്ചെറിയൂല്ലേ? കീറിപ്പോയ പടം ആണെങ്കിലും, വെറുമൊരു കടലാസ്സ് ആണെങ്കിലും ഗുരുദേവന്റെ ഒരു ഫോട്ടോ എടുത്തു കളയാൻ മനസ്സനുവദിക്കില്ല…
ഇവിടെ ബാംഗ്ലൂർ വന്നപ്പോൾ SMS മെഡിറ്റേഷന്റെ കുറെ നോട്ടീസ് അടിച്ചു… അതിൽ ഗുരുജിയുടെ ഫോട്ടോയും ഉണ്ടായിരുന്നു… നമ്മുടെ കൂടെ ഉണ്ടായിരുന്നവർ അവിടെ വരുന്നവർക്കൊക്കെ നോട്ടീസ് കൊടുത്തു… പലരും ഉടനെ തന്നെ അത് കളഞ്ഞിട്ടു പോയി… പിന്നാലെ വന്നവർ അതിൽ ചവിട്ടി കടന്നുപോയി… കണ്ടപ്പോൾ ഉള്ളിൽ വിഷമം തോന്നി… ഉടനെ മക്കൾ ഓടി പോയി ആ നോട്ടീസ് പെറുക്കിയെടുക്കുന്നത് കണ്ടു… അവർ അച്ഛന്റെ പടം നിലത്ത് ഇട്ടിട്ടു പോയി എന്ന് പറഞ്ഞു… അന്ന് അവർ ചെറുതായിരുന്നല്ലോ… അവരെ സംബന്ധിച്ച് അത് വെറും നോട്ടീസ് അല്ല, അവരുടെ അച്ഛനെ മറ്റുള്ളവർ ചവിട്ടി കടന്നു പോകുന്നതാണ് കാണുന്നത്… അതൊരു വൈകാരിക ബന്ധം ആണ്… ഒരു കടലാസിലോ, ഫോട്ടോയിലോ എന്ത് ഇരിക്കുന്നു എന്ന് പറഞ്ഞാലും ഇങ്ങനെ ചില വൈകാരികത അവിടെ നിലനിൽക്കും… ഇതൊക്കെ മനുഷ്യന്റെ ദൗർബല്യം ആയിരിക്കാം…
==========================================
*ധർമത്തിൽ ചരിക്കാൻ, ഗുരു ചരണം ശരണം…*
==========================================
അതുപോലെയാണ് ഗുരുവിന്റെ പാദുകവും…!
അതിൽ ആ മഹാഗുരുവിന്റെ തന്നെ ദർശിക്കുന്നു…!
*“ഗുരുദേവന്റെ പാദുകം പ്രതീകമായി വച്ചുകൊണ്ട്….*
*മിണ്ടാപ്രാണികളെ കൊന്നു തിന്നുന്നത് നിർത്തി…*
*ലഹരിയും, മദ്യപാനവും ഉപേക്ഷിച്ച്….*
*അസൂയ, കുശുമ്പ്, പരദൂഷണം, പരസ്പര മത്സരം, വിദ്വേഷം ഒക്കെ മാറ്റി വച്ച്…*
*ഗുരുദേവൻ അരുൾ ചെയ്ത “പഞ്ചധർമവും, പഞ്ചശുദ്ധിയും” അക്ഷരംപ്രതി അനുഷ്ഠിച്ച്…*
*“ഗുരുവിന്റെ ഒരു പേനയായി നിസ്വാർത്ഥരായി” നിന്ന്….*
*ഗുരുദേവൻ ഉൾപ്പെടെ നമ്മുടെ ഗുരുപരമ്പര വിഭാവനം ചെയ്ത ലോകം സഫലമാക്കാനുള്ള സംരഭത്തിന് നമുക്കൊരുമിച്ച് തുടക്കം കുറിക്കാം..!”*
ഗുരുദേവന് ഇനി ഒരു പുനർജ്ജന്മം ഇല്ല… എന്നാൽ “നിസ്വാർത്ഥരായ വ്യക്തികളിലൂടെ ആ ഗുരുതത്വത്തിന് പ്രവർത്തിക്കാൻ സാധിക്കും”…
ഈ സംസാര സാഗരം മറികടക്കാൻ ഗുരുവിന്റെ ചരണങ്ങളെ ആണ് ശരണം പ്രാപിക്കേണ്ടത്… വർഷങ്ങളായി ഗുരുദേവന്റെ “ഈ പ്രപഞ്ചം മുഴുവൻ നിറഞ്ഞു നിൽക്കുന്ന രണ്ടു വലിയ പാദങ്ങളിൽ”, ഒരു കൊച്ചു വിളക്ക് കത്തിച്ച് വച്ച്, ഈ ലോകരെ മുഴുവൻ ആ പാദങ്ങളിൽ നമസ്കരിപ്പിച്ച് കിടത്തി, ലോകർക്ക് അറിവിന്റെ വെളിച്ചം പകർന്നു കൊടുക്കണേ എന്ന് മനസുകൊണ്ട് പ്രാർത്ഥിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ… അത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല… അതിന്റെ കഥ മറ്റൊരു ആർട്ടിക്കിൾ എഴുതാം… പക്ഷെ, “അന്നൊക്കെ ആഗ്രഹങ്ങളും, പ്രാർത്ഥനകളും ഉണ്ടായിരുന്നെങ്കിലും ഞങ്ങൾ പൂർണമായി ധർമത്തിൽ ആയിരുന്നില്ല… നമ്മൾ പൂർണമായും ധർമത്തിൽ അല്ലെങ്കിൽ പ്രപഞ്ചം നമ്മുടെ കൂടെ നിൽക്കില്ല… സ്വാർത്ഥതക്ക് പ്രപഞ്ചത്തിന് മുന്നിൽ സ്ഥാനമില്ല…”
കുറെ വർഷങ്ങൾ ഗുരുദേവന്റെ മുഖത്തേക്ക് എനിക്ക് നോക്കാൻ സാധിക്കില്ലായിരുന്നു… അറിയാതെ എങ്ങാനും നോക്കി പോയാൽ ഉടനെ എന്റെ തല താഴും… ആ പാദങ്ങളിലേക്ക്…! ഒരു സന്തോഷവുമില്ലാതെ, എന്തോ ചിന്തയിൽ ഇരിക്കുന്ന ഗുരുദേവനെ നോക്കുമ്പോൾ ഉള്ളിൽ കരച്ചിൽ വരും… ഗുരുദേവനെ അനുസരിക്കാതെ ഞാൻ ചില തീരുമാനങ്ങൾ എടുത്തതിനുള്ള ശിക്ഷ ആയിരിക്കും അത് എന്ന് കരുതി… പിന്നീട് വർഷങ്ങളോളം ആ പാദങ്ങൾ മാത്രമേ മനസ്സിൽ ഉണ്ടായിരുന്നുള്ളു…
*“ഒരു നിമിഷം പോലും ധർമത്തിൽ നിന്നും വ്യതിചലിക്കാതെ പ്രപഞ്ചധർമത്തിൽ എന്നും ജീവിക്കണമെങ്കിൽ ഗുരുവിന്റെ ചരണങ്ങളിൽ ശരണം പ്രാപിക്കണം എന്ന് ഇപ്പോൾ മനസിലാക്കുന്നു… സാധാരണക്കാരായ നമ്മൾ നമുഷ്യർക്ക് മോക്ഷപ്രാപ്തിക്കുള്ള മാർഗം അത് മാത്രമേയുള്ളു.…”*
======================================
*ഗുരുക്കന്മാർ വിഭാവനം ചെയ്യുന്ന ലോകം*
======================================
ഗുരുദേവൻ പറഞ്ഞതൊന്നും പാലിക്കാതെ ജീവിക്കുന്ന ഒരു സമൂഹം കണ്ടുകൊണ്ടിരിക്കുന്ന ഗുരുദേവന്റെ നിസ്സഹായ അവസ്ഥ എത്രയായിരിക്കും എന്ന് ആലോചിച്ച് പോകുന്നു… ലോകത്തെങ്ങും കിട്ടാത്ത അറിവുകൾ മുഴുവൻ ലോകർക്കായി പകർന്നു നൽകി, ഇപ്പോഴും ലോകനന്മക്കായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഗുരുദേവൻ… ഈ പ്രപഞ്ചത്തിലെ ഏറ്റവും അവസാനത്തെ പുൽക്കൊടിപോലും മോക്ഷം നേടി പോകുന്നതുവരെ നാം ഇവിടെ ഉണ്ടാകും എന്ന് പറഞ്ഞു ലോകത്തിനുവേണ്ടി മഹാസമാധിയിൽ ഇരിക്കുന്ന മഹാഗുരു…!
ഗുരുവിന്റെ vision ആദ്യപ്രതിഷ്ഠയിൽ തന്നെ എഴുതി വച്ചിരുന്നു….
“ജാതിഭേദം മതദ്വേഷം
ഏതുമില്ലാതെ സർവരും
സോദരത്വേന വാഴുന്ന
മാതൃകാസ്ഥാനമാണിത്”
“ഈ ലോകം എങ്ങനെ ആയിരിക്കണം എന്ന് സ്രേഷ്ഠരായ ഗുരു പരമ്പരയുടെ ദീർഘ വീക്ഷണം ആണ് ഈ വരികളിൽ ആലേഖനം ചെയ്തിട്ടുള്ളത്… “
📌“ജാതി ഭേദം”- മനുഷ്യനെന്നോ, പക്ഷിമൃഗാതികളെന്നോ, സസ്യലതാദികളെന്നോ തുടങ്ങിയുള്ള ഭേദമില്ലാതെ…
📌“മതദ്വേഷം” – മതം എന്ന വാക്കിനർത്ഥം “അഭിപ്രായം” എന്നാണ്. നമ്മൾ ഓരോ വ്യക്തികൾക്കും അവരവരുടേതായ അഭിപ്രായങ്ങൾ ഉണ്ട്. അതുപോലെ തന്നെ പ്രപഞ്ചത്തിലെ മറ്റു ജീവജാലങ്ങൾക്കും അവയുടേതായ താല്പര്യങ്ങൾ ഉണ്ട്. അങ്ങനെ വിഭിന്നാഭിപ്രായങ്ങൾ ഉള്ളവർ തമ്മിൽ പരസ്പരം കലഹിക്കാതെ, മറ്റു ജീവജാലങ്ങളുടെ താല്പര്യങ്ങളെ/സ്വാതന്ത്ര്യത്തെ ഹനിക്കാതെ…
📌“സര്വരും” എന്നാൽ ഈ പ്രപഞ്ചത്തിലെ സകല ചരാചരങ്ങളും (അതിൽ മനുഷ്യനും, പക്ഷിമൃഗാദികളും, സസ്യങ്ങളും, കല്ലും, മണ്ണും, പുഴയും തുടങ്ങി എല്ലാം ഉൾപ്പെടും).. അങ്ങനെ സകല ചരാചരങ്ങളും “ആത്മസഹോദരങ്ങളായി” ജീവിക്കുന്ന ഒരു മാതൃകാസ്ഥാനം ആണ് ഈ പ്രപഞ്ചം… ഈ പ്രപഞ്ച ശക്തിക്കു മുന്നിൽ എല്ലാവരും ഒരുപോലെയാണ്…
===============================
*ചിന്തകളുടെ ശക്തി അനന്തമാണ്*
===============================
സ്വാർത്ഥത വെടിഞ്ഞു, എന്റെ നിന്റെ എന്ന ചിന്ത വെടിഞ്ഞു എല്ലാവരും ആത്മസഹോദരങ്ങളായി സുഖമായി ജീവിക്കുന്ന ഒരു ലോകം നമുക്കൊരുമിച്ച് സ്വപ്നം കാണാം…!
നമ്മുടെ ചിന്തകൾക്ക് അത്രമാത്രം ശക്തിയുണ്ട്.
നമ്മൾ ഒരുമിച്ച് നന്നായി പ്രവർത്തിക്കുകയാണെങ്കിൽ, ആഗോളതാപം പോലും ഉണ്ടാക്കാം എന്ന് ഇപ്പോൾ അനുഭവത്തിലൂടെ അറിഞ്ഞുകൊണ്ടിരിക്കുകയാണ്… അങ്ങനെയെങ്കിൽ, കൊന്നു തീറ്റ നിർത്തി, അസൂയ കുശുമ്പ് പരദൂഷണം വിദ്വേഷം ഒക്കെ വെടിഞ്ഞു നിസ്വാർത്ഥരായി പ്രപഞ്ച ധർമത്തിൽ ജീവിച്ച് നമ്മുടെ ചിന്തകൾ ശുദ്ധമായാൽ ഈ ലോകം സുന്ദരമാവില്ലേ?
യാതൊരു ഭേദ ചിന്തയുമില്ലാത്ത ഗുരുക്കന്മാരെ പോലും വിദ്വേഷികൾ ആക്കി ചിത്രീകരിക്കുന്ന ലോകം ആണ് ഇന്ന്… ഗുരുദേവനോ ചട്ടമ്പി സ്വാമിയോ യേശുദേവനോ ശ്രെഷ്ഠൻ, വ്യാസമഹർഷിയോ, വാല്മീകി മഹർഷിയോ ശ്രെഷ്ഠൻ തുടങ്ങി അർത്ഥശൂന്യമായ വിഷയങ്ങൾ പറഞ്ഞു മരസരങ്ങൾ ആണ് ബുദ്ധിയില്ലാത്ത മനുഷ്യ വർഗം… ഗുരുക്കന്മാർ എല്ലാം പ്രപഞ്ച രഹസ്യം അറിഞ്ഞു, അറിവിൽ അമർന്ന് അറിവായി ജീവിക്കുന്നവർ ആണ്… അവരുടെ തലം നമുക്കൊന്നും മനസിലാക്കാൻ പോലും സാധിക്കില്ല… അത്ര ദൂരെയാണ്… അവർ ആരെക്കുറിച്ചും ഒരു മോശം ചിന്തിക്കുക കൂടിയില്ല…
ഓരോ ഗുരുക്കന്മാരും ഓരോ നിയോഗമായി ജനിക്കുന്നവർ ആണ്… ഒന്നിനോടും ഒട്ടൽ ഇല്ലാതെ ലോക നന്മക്കായി അവരവരുടെ ഡ്യൂട്ടി നിഷ്കാമം ചെയ്യുക മാത്രമേ അവർ ചെയ്യുന്നുള്ളു…!
നമ്മുടെ ചിന്തകൾ വിശാലമാകുമ്പോൾ എല്ലാ ശുഭം ആയി തീരും…!
======================================
*”നിങ്ങൾ വരില്ലേ? — ശ്രീ നാരായണ ഗുരു”*
======================================
ഗുരുദേവനും ഒരു കഥ പറയാനുണ്ട്…
ശിവഗിരി ഉണ്ടാകുന്നതിനും മുൻപ്, നാം വർക്കലയിൽ പോകുമായിരുന്നു… കരുനീലക്കോട്ടിൽ ശങ്കരനാരായണൻ എന്ന കൊട്ടാരം വൈദ്യന്റെ വീട്ടിൽ ഒരു വിശേഷം ഉണ്ട് എങ്കിൽ, അല്ലെങ്കിൽ ഒരു വാഴക്കുല പഴുത്താൽ, അവർക്ക് നമ്മോടുള്ള ഇഷ്ടം കൊണ്ട് സ്മരിച്ചുപോകും. എങ്ങിനെ എന്നറിയില്ല, നാം അവിടെ എത്തിച്ചേരും, നമ്മേ ഇഷ്ടപ്പെടുന്നവർ ഒരുമിച്ച് അവിടെ സമയം ചിലവഴിക്കും. അക്കാലത്ത് നാം താമസിച്ചിരുന്ന വീടും, നാം ഉപയോഗിച്ചിരുന്ന പാദുകവും, കുളിച്ചിരുന്ന കുഴൽ വെള്ളവും, കുളവും, അഞ്ചു തലമുറകളായി അവർ സംരക്ഷിച്ചു. ഇപ്പോൾ അതിന് 300 വർഷത്തിന് മുകളിൽ പഴക്കമുണ്ട്.
ഇനി അത് നിങ്ങൾ എല്ലാവരും ഒരുമിച്ചു ചേർന്ന് “നിസ്വാർത്ഥരായി” സംരക്ഷിക്കണം.
*അധർമ്മിയുടെ സ്വർണ്ണ നാണയത്തെക്കാൾ നമുക്കിഷ്ടം, ധർമത്തിൽ ജീവിക്കുന്ന നിങ്ങൾ നൽകുന്ന ഒരു രൂപയാണ്.*
*ധർമ്മത്തിൽ സമ്പാദിച്ചവരുടെ ധനം കൊണ്ടുവേണം അവിടുത്തേ വിളക്കിൽ തിരി കത്തിക്കാനുള്ള എണ്ണ പോലും വാങ്ങാൻ.*
നമുക്ക് ധാരാളം നല്ലകാര്യങ്ങൾ ചെയ്യണം എന്ന് ആഗ്രഹമുണ്ട്. ധർമ്മിഷ്ഠരായ ശിഷ്യന്മാർക്കായി നാം കാലങ്ങളായി കാത്തിരിക്കുന്നു…!
പഞ്ചശുദ്ധിയും, പഞ്ചധർമ്മവും പാലിച്ചാൽ മതി…. നാം ആഗ്രഹിക്കുന്നത് പോലെ ഒരു ശിഷ്യനാകാൻ നിങ്ങൾക്കും കഴിയും…
എല്ലാവരും കൂടെ നിൽക്കില്ല?

