1 thought on “Thasmai Guruji And Divya Chakshus”

  1. ജൂൺ ഒന്നാം തീയതി അബാക്ക് മീഡിയയുടെ spiritual hours പ്രോഗ്രാം കഴിഞ്ഞ് തിരിച്ചു വരുമ്പോൾ ട്രെയിനിൽ വച്ചാണ് ഞാൻ വായന തുടങ്ങിയത്. 168 പേജ് ഉള്ള പുസ്തകത്തിലെ ആദ്യത്തെ 64 പേജുകൾ നാലുമണിക്കൂർ യാത്രയ്ക്കിടയിൽ വായിച്ചു തീർത്തു. സത്യത്തിൽ ട്രെയിനിൽ വച്ചായിരുന്നില്ല ഇങ്ങനെ ദിവ്യമായ ഒരു പുസ്തകം വായിക്കേണ്ടിയിരുന്നത്. പക്ഷേ കാത്തിരിക്കാൻ എനിക്ക് ക്ഷമയുണ്ടായിരുന്നില്ല. ശാന്തമായ അന്തരീക്ഷത്തിൽ ഇരുന്ന് മനനം ചെയ്തു അഞ്ചോ ആറോ തവണ വായിച്ചാൽ പോലും പൂർണ്ണമായ അർത്ഥം അതിന്റെ വ്യാപ്തിയിൽ നമ്മളിൽ എത്തിച്ചേരുക എന്നത് ഈ പുസ്തകത്തെ സംബന്ധിച്ച് അങ്ങേയറ്റം ശ്രമകരമാണ്. ഒരേ സമയം അതികഠിനമായ അന്തസത്ത അടങ്ങിയിരിക്കുന്ന, എന്നാൽ വളരെ ലളിതമായ രീതിയിൽ കാര്യങ്ങൾ വിശദീകരിക്കുന്ന ഒരു പുസ്തകം.

    ഒരു മനുഷ്യന്റെ ജീവിതവുമായി ബന്ധപ്പെട്ട സകല ഫിലോസഫിയും ഒരൊറ്റ ബുക്കിലേക്ക് ചുരുക്കി ഒരു ക്യാപ്സ്യൂൾ പരുവത്തിലാക്കിയ പ്രതീതി. തന്റെ ജീവിത കാലഘട്ടത്തിനിടയിൽ ഒരാൾ ചെയ്യാനിടയുള്ള ശരി തെറ്റുകളെയെല്ലാം വിശകലനം ചെയ്ത് കടന്നുപോകുന്ന ഒരു പുസ്തകം .

    പിറ്റേന്ന് സ്കൂൾ തുറന്നതിനാൽ ട്രെയിനിൽ വച്ച് വായിച്ചതിന്റെ ബാക്കി ബക്രീദിന് ലീവ് കിട്ടിയപ്പോൾ വെള്ളിയാഴ്ചയാണ് വായിക്കാൻ സമയം കിട്ടിയത്. വെള്ളിയും ശനിയും കൊണ്ട് ബാക്കി മുഴുവൻ വായിച്ചു തീർത്തു . ഒരു പുസ്തകത്തെ ആഴത്തിലും സമഗ്രവുമായി വിശകലനം ചെയ്യാനുള്ള ശേഷി ഇല്ലാത്തതുകൊണ്ട് തന്നെ ഇതിലെ ചില ഭാഗങ്ങൾ വായിച്ചപ്പോൾ എനിക്കുണ്ടായ ചില പ്രത്യേക അനുഭവങ്ങൾ മാത്രം ഇവിടെ കുറിക്കുന്നു.

    അനുഭവം 1

    വെള്ളിയാഴ്ച ഭർത്താവും മകനും രാത്രി മെഡിറ്റേഷന് പോയ സമയത്ത് ഞാൻ പുസ്തകത്തിന്റെ ബാക്കി വായിക്കുകയാണ് . പേജ് 70ലെ “ദൈവം” എന്ന അധ്യായമാണ് വായിക്കുന്നത്. അതിൽ കർമ്മഫലത്തെ കുറിച്ച് വിശദീകരിക്കുകയാണ്. ഗ്രന്ഥ കാരന്റെ കർമ്മഫലം ഗുരുവിന്റെ അനുഗ്രഹം കൊണ്ട് സൂക്ഷ്മത്തിൽ മാറി കിട്ടിയതിനെ കുറിച്ച് വിവരിക്കുകയാണ്. ശേഷമുള്ള ഒരു വാചകം ഇങ്ങനെയാണ്.” ഇത് വായിക്കുമ്പോൾ നിങ്ങളുടെ അന്തരംഗത്തിൽ നിന്ന് നിങ്ങളറിയാതെ ഒരു ഏങ്ങൽ പുറത്തേക്ക് വരും എങ്കിൽ സംശയമില്ല നിങ്ങളുടെ കർമ്മഫലവും ഇല്ലാതാവുകയാണ്”.

    തൊട്ടടുത്ത ഖണ്ഡിക വായിച്ചു തുടങ്ങിയതും എന്നെ ഞെട്ടിച്ചുകൊണ്ട് ഞാൻ ഏങ്ങലടിച്ചു കരയാൻ തുടങ്ങി. നിർത്താൻ പറ്റാത്ത സങ്കടവും കരച്ചിലും. ഏതാണ്ട് 10 മിനിട്ടോളം ഞാൻ ഏങ്ങിയേങ്ങിക്കരഞ്ഞു. എന്നിട്ടും സങ്കടം തീരാതെ വന്നപ്പോൾ നിലത്ത് ഗുരുദേവനെയും ഗുരുജിയെയും പ്രപഞ്ചത്തെയും നമസ്കരിച്ചു. എന്റെ കരച്ചിൽ വീണ്ടും തുടർന്നുകൊണ്ടിരുന്നു. നമസ്കരിക്കുമ്പോൾ തൊഴുതു പിടിച്ച കൈകൾക്കും തലയ്ക്കും ആസ്ട്രൽ ട്രീറ്റ്മെന്റ് ഉണ്ടായി. എഴുന്നേറ്റിരുന്ന് പുസ്തകം വീണ്ടും വായിക്കാൻ എടുത്തു. കുറച്ചുനേരം പ്രപഞ്ചം എന്നെ നിശബ്ദയാക്കി. പുസ്തകം നെഞ്ചോട് ചേർത്ത് പിടിച്ച് ഇരുത്തി വിതുമ്പിയും കരഞ്ഞും കൊണ്ട് കുറേശ്ശെയായി ഞാൻ ആ പേജ് വായിച്ചു തീർത്തു . ശേഷം ഒന്നുകൂടി അതേ ഭാഗം വായിച്ചപ്പോൾ സങ്കടം കുറേശെയായി കുറഞ്ഞുവന്നു . കസേരയിൽ ഇരുന്നുകൊണ്ട് കുറച്ചുനേരം കൂടി ആസ്ട്രൽ മൂവ്മെന്റ്സ് ഉണ്ടായി . ശേഷം വീണ്ടും പുസ്തകം കയ്യിലെടുത്ത് എന്നെ വായിപ്പിച്ചു .

    അനുഭവം 2

    പിന്നീട് എന്നെ വീണ്ടും കരയിച്ചത് പേജ് 91 ലെ “ത്യാഗം” എന്ന അധ്യായമാണ്. അതിൽ ഗുരുദേവനെക്കുറിച്ചും യേശുദേവന്റെ ത്യാഗത്തെ കുറിച്ചുമാണ് വിവരിച്ചിരിക്കുന്നത്. യേശുദേവനെ കുരിശിൽ തറച്ചതും യേശുദേവനോട് മാപ്പ് അപേക്ഷിക്കുന്നതുമായ ഭാഗമെത്തിയപ്പോഴേക്കും ഞാൻ കരയാൻ തുടങ്ങി. ഏതാണ്ട് അഞ്ചു മിനിറ്റോളം കരച്ചിൽ തുടർന്നു.

    ഇതുവരെയും യേശുദേവനെയും അദ്ദേഹത്തിന്റെ ത്യാഗത്തെയും നിന്ദിച്ചിരുന്ന ഞാൻ അതോർത്ത് പശ്ചാത്തപിച്ചു. ഗുരുദേവന്റെ മുന്നിൽ യേശുദേവനെയും പ്രപഞ്ചത്തെയും നമസ്കരിച്ചു. കുറച്ചുകഴിഞ്ഞപ്പോൾ ആശ്വാസമായി .

    എന്നെ അത്ഭുതപ്പെടുത്തിയ മറ്റൊരു വസ്തുത നമ്മളെക്കൊണ്ട് രണ്ടാമത് വായിപ്പിക്കേണ്ട ചില ഭാഗങ്ങൾ വരുമ്പോൾ, പുസ്തകത്തിലെ പേജിന് മുകളിൽ നമ്മുടെ കൈ ഇരിക്കുന്നുണ്ടെങ്കിൽ പോലും നമ്മളെ കബളിപ്പിച്ച് പ്രപഞ്ചം പേജുകൾ മാറ്റി കളയുന്നു . ട്രെയിനിൽ വെച്ച് മൂന്ന് നാല് തവണ എനിക്ക് ഇതേ അനുഭവം ഉണ്ടായി. തുറന്നു മടിയിൽ വച്ച പുസ്തകത്തിന് മുകളിലാണ് എന്റെ രണ്ട് കൈകളും ഇരിക്കുന്നത്. പേജ് മാറാൻ യാതൊരു സാധ്യതയുമില്ല. ഒരു സെക്കൻഡ് കണ്ണു പിൻവലിച്ച് എതിർ സീറ്റിൽ ഉള്ള ആളെ നോക്കി വീണ്ടും വായിക്കാൻ നോക്കുമ്പോഴേക്കും നേരത്തെ വായിച്ചു കഴിഞ്ഞ അധ്യായത്തിന് മുകളിൽ എന്റെ കൈകൾ ഇരിക്കുന്നു. എന്റെ ശ്രദ്ധ കുറവായിരിക്കാം എന്നാണ് ഓരോ തവണയും ഞാൻ കരുതിയത്. പക്ഷേ വീട്ടിൽ വച്ച് യേശുദേവന്റെ ത്യാഗം എന്ന അധ്യായം വായിക്കുമ്പോൾ ഇതേ കാര്യം ആവർത്തിച്ചപ്പോൾ എനിക്ക് ബോധ്യമായി ഇത് പ്രപഞ്ചം ചെയ്യിക്കുന്നതാണ് എന്ന് .

    അനുഭവം 3

    മൂന്നാമത്തെ അനുഭവം പേജ് 151ലെ “അധർമ്മം” എന്ന അധ്യായം വായിക്കുമ്പോഴാണ്. അതിൽ “അലസത നിർണയിക്കുന്ന വിധി” എന്നൊരു ഭാഗം ഉണ്ട്. പകലുറക്കത്തിന്റെ ദൂഷ്യത്തെക്കുറിച്ചും അതിലൂടെ ഉണ്ടാകുന്ന അലസതയെക്കുറിച്ചും അത് എത്ര ഭീകരമായ അധർമ്മമാണ് എന്നതിനെക്കുറിച്ചും ഗ്രന്ഥക്കാരൻ നമ്മെ മനസ്സിലാക്കി തരുന്നു. അലസതയെ പുൽകിയാൽ “വിധി എന്ന വിധവയുടെ ക്രൂരമായ മുഖം” കാണേണ്ടിവരും എന്നാണ് ഗ്രന്ഥകാരൻ ഓർമ്മപ്പെടുത്തുന്നത്

    സുഭദ്രയുടെയും അഭിമന്യുവിന്റെയും കഥയിൽ തുടങ്ങി ഉത്തരയിലൂടെ കോംപ്ലിക്കേറ്റഡ് മെമ്മറിയെ കുറിച്ച് വിവരിച്ചു പോകുന്ന അധ്യായം ആദ്യാവസാനം വരെ ഞാൻ വായിച്ച രീതി. എന്റെ മോനെ പോലും ഞെട്ടിച്ചു കളഞ്ഞു.

    രാവിലെ വായിച്ചതെല്ലാം നിശബ്ദമായി മനനം ചെയ്തു വായിച്ച ഞാൻ ഉച്ചയ്ക്കുശേഷം വായിക്കുമ്പോൾ ബോധപൂർവ്വം ഉറക്കെയാണ് വായിച്ചത്. കാരണം ഉച്ചയ്ക്ക് വായിക്കുമ്പോൾ അറിയാതെ ഉറക്കം വരുമെന്നും ഒരു സെക്കൻഡ് എങ്കിലും കണ്ണടഞ്ഞു പോകുമെന്നും എനിക്കറിയാം. ഉച്ചസമയത്ത് എവിടെയെങ്കിലും അനങ്ങാതെ ഇരിക്കുകയോ വായിക്കുകയോ എഴുതുകയോ ചെയ്യുന്നത് വളരെ ബുദ്ധിമുട്ടാണ് എനിക്ക്. അറിയാതെ കണ്ണുകൾ മൂടി പോകും. എന്തിന് അധികം പറയുന്നു ക്ലാസ് എടുത്തുകൊണ്ട് കുട്ടികൾക്കിടയിലൂടെ വട്ടത്തിൽ നടക്കുമ്പോൾ പോലും സെക്കൻഡുകൾ കണ്ണു മൂടിപ്പോകുന്ന ഒരു അവസ്ഥ അപൂർവമായി സംഭവിക്കാറുണ്ട്. എന്താണ് ഈ ആലസ്യത്തിന് കാരണമെന്ന് ഇതുവരെയും എനിക്ക് പിടികിട്ടിയിട്ടില്ല.

    ഈ ആലസ്യം വന്നു മൂടുമ്പോൾ എനിക്ക് വലിയ ഭയമാണ്. ഞാൻ ഓടിപ്പോയി മുഖം കഴുകുകയും ആരും കാണാതെ നാലഞ്ചു പ്രാവശ്യം കുനിയുകയും നിവരുകയും കൂടാതെ സ്വന്തം തലയോട്ടിക്കിട്ട് നാലോ അഞ്ചോ അടി കൊടുക്കുകയും ഒക്കെ ചെയ്യാറുണ്ട് . തലച്ചോറിലേക്ക് കുറച്ച് രക്തം ഓടിയാലെങ്കിലും ഈ ആലസ്യം വിട്ടുമാറട്ടെ എന്നോർത്താണ് ഇത് ചെയ്യുന്നത്. പക്ഷേ അവസാനം ആലസ്യം ജയിക്കും ഞാൻ തോൽക്കും.

    പണ്ട് സ്കൂളിലും കോളേജിലും പഠിക്കുമ്പോൾ അടുത്തിരിക്കുന്ന കൂട്ടുകാരികളെ ഞാൻ പറഞ്ഞു ഏൽപ്പിച്ചു വെക്കും നന്നായി വേദനിക്കും വരെ എന്നെ ഒന്ന് നുള്ള ണമെന്ന് . പക്ഷേ അവർ എന്തൊക്കെ ചെയ്താലും എന്റെ ആലസ്യം പോവില്ല . ഒരു രക്ഷയും ഇല്ലാതെ വരുമ്പോൾ അക്കാലത്ത് നെറ്റിയിലും കണ്ണിനുചുറ്റും ഒക്കെ vicks vaporub ഉം ടൈഗർ ബാമും വരെ വാരിപ്പൂശിയിരുന്നത് ഞാനിന്നും ഓർക്കുന്നു.

    ഏതായാലും പുസ്തകത്തിലെ ഈ ഭാഗം വായിച്ചു തുടങ്ങിയപ്പോൾ ഞാൻ ഒന്ന് അമ്പരന്നു . അതിൽ ഇങ്ങനെ എഴുതിയിരിക്കുന്നു “കോംപ്ലിക്കേറ്റഡ് മെമ്മറി മാറ്റി ശാന്തമായി ഇരുന്ന് ആലോചിക്കുക. ഉള്ളിൽ ഒരു ഞെട്ടൽ അനുഭവപ്പെടും. ആ ഞെട്ടൽ അനുഭവപ്പെടുന്നില്ല എങ്കിൽ വിധിക്ക് കീഴടങ്ങാൻ തയ്യാറായിക്കൊള്ളൂ “.

    ഇത്രയും വായിച്ചു കഴിഞ്ഞപ്പോൾ എന്റെ വായന നിന്നു. കുറച്ചുനേരത്തേക്ക് ശ്വാസം നിലച്ച പോലെ ഇരുന്നു. അല്പം കഴിഞ്ഞപ്പോൾ ദീർഘമായി ശ്വസിച്ചു കൊണ്ട് നെഞ്ച് ഉയർന്നു താഴ്ന്നു തുടങ്ങി. കുറച്ചുനേരം ഇതേ ദീർഘമായശ്വാസം. മെല്ലെ ശാന്തമായപ്പോൾ ഞാൻ വീണ്ടും വായന തുടങ്ങി.

    ബാക്കി ഭാഗം ഞാൻ വായിച്ചത് എന്റെ സ്വന്തം ശബ്ദത്തിൽ അല്ല. എന്റെ ശബ്ദം മിമിക്രി കാണിക്കും പോലെ പ്രായംചെന്ന ഒരു മുത്തശ്ശിയുടെ പോലെയായി. എന്റെ ഈ മാറ്റം ശ്രദ്ധിച്ച മകൻ ഓടിവന്ന് ചിരിയോടെ എന്നെ സാകൂതം വീക്ഷിച്ചു. പ്രേത സിനിമയിലെ ചില മുത്തശ്ശി കഥാപാത്രങ്ങൾ അതിലെ പ്രേതഭവനത്തെക്കുറിച്ചും അവിടെ നടന്ന സംഭവങ്ങളെക്കുറിച്ചും കുട്ടികൾക്ക് വളരെ ഭയാനകമായി കഥ പറഞ്ഞു കൊടുക്കുന്നത് പോലെ വളരെ സാവകാശം ഓരോ വാക്കും വലിച്ച് നീട്ടി എന്നെ കൊണ്ട് അധ്യായം മുഴുവൻ പ്രപഞ്ചം വായിപ്പിച്ചു. സന്തോഷവും സങ്കടവും ഒരുമിച്ച് വന്ന ഞാൻ വീണ്ടും പോയി പ്രപഞ്ചത്തെയും ഗുരുദേവനെയും നമസ്കരിച്ചു. ഇനിയെങ്കിലും എന്നെ ഈ ശാപം ആകുന്ന ചക്രവ്യൂഹത്തിൽ നിന്ന് രക്ഷപ്പെടുത്തി തരേണമേ എന്ന് അപേക്ഷിച്ചു.

    ഈ പുസ്തകത്തിൽ എനിക്ക് ഏറ്റവും സന്തോഷം തോന്നിയ ഭാഗവും പേജ് 70 ദൈവം എന്ന ഭാഗമാണ്. അതിൽ ഇങ്ങനെ പറയുന്നു. ” ഇത് വെറുതെ എഴുതുന്ന വാക്കുകൾ അല്ല. ഈ വാക്കുകളിലൂടെ പ്രപഞ്ചത്തിൽ പുതിയ ഒരു പരിവർത്തനം നടക്കുകയാണ്. ഈ വാക്കുകൾ നിങ്ങളിലേക്ക് എത്തിയെങ്കിൽ എത്തപ്പെടുന്നുവെങ്കിൽ നിങ്ങളുടെ ജീവിതം ധന്യമായി. ഈ വാക്കുകളെ മുറുകെപ്പിടിച്ച് ജീവിക്കുക. ഈ വാക്കുകൾ നിങ്ങളിലൂടെ എത്രത്തോളം പുറത്തേക്ക് വ്യാപിക്കുന്നുവോ പ്രചരിക്കുന്നുവോ അത്രയും നിങ്ങൾ ശ്രേഷ്ഠരാവുകയാണ്. പ്രപഞ്ചത്തിന്റെ ധന്യമായ മുഹൂർത്തത്തിൽ ഇരുന്ന് കുറിക്കപ്പെടുന്ന പ്രപഞ്ച രഹസ്യം. ആ മഹത്തായ രഹസ്യം നിങ്ങളെ തേടി നിങ്ങളിലേക്ക് എത്തുകയാണ്. നിങ്ങൾ ലോക കല്യാണത്തിന് വിരുന്നൊരുക്കുകയാണ്. ”

    ആ മാസ്മരികമായ അതീവ രഹസ്യമായ വാക്കുകളും കൂടി ഇവിടെ കുറിക്കുന്നു.

    *****എന്നിൽ പ്രാപ്തമാകുന്നത് നിങ്ങൾക്കും കഴിയും *****

    ആദ്യതവണ വായിച്ചപ്പോൾ ഈ വാക്കുകൾ എനിക്ക് പിടികിട്ടിയില്ല. രണ്ടാമതും വായിച്ചപ്പോഴാണ് മനസ്സിലായത്.

    ഗുരുജിക്കും ഗുരുദേവനും പ്രപഞ്ചത്തിനും ഗ്രന്ഥകാരനും കോടികോടി പ്രണാമം🙏🙏🙏

Leave a Comment

Your email address will not be published. Required fields are marked *


WhatsApp
YouTube
YouTube
Instagram
Scroll to Top