*സ്വാർത്ഥമായ ആഗ്രഹങ്ങൾ പാടില്ല..*
മഴ പെയ്യാൻ അമ്മ ഒന്ന് ആഗ്രഹിക്കുമോ?
===================
ഒരു ധർമ്മപത്നി മഴ പെയ്യണം എന്നാഗ്രഹിച്ചാൽ മഴ പെയ്യും എന്ന് ഒരിക്കൽ ഗുരുജി ക്ലാസ്സിൽ പറഞ്ഞു… അന്ന് ഞങ്ങൾ നാട്ടിൽ ആയിരുന്നു… ഏപ്രിൽ മെയ് സമയം ആണ്… നല്ല ചൂടുണ്ടായിരുന്നു… ക്ലാസ് കഴിഞ്ഞപ്പോൾ മക്കൾ ചോദിച്ചു, “മഴ പെയ്യാൻ അമ്മ ഒന്ന് ആഗ്രഹിക്കാമോ?” എന്ന്. ഞാൻ ആകെ കുഴപ്പത്തിലായി… മോളോട് പറഞ്ഞു “നമ്മുടെ സ്വാർത്ഥ താല്പര്യത്തിനു വേണ്ടി അങ്ങനെ ആഗ്രഹിക്കാൻ പാടില്ല…”. മക്കൾ വീണ്ടും വീണ്ടും നിർബന്ധിച്ചു… പക്ഷെ, അങ്ങനെ ഒരു ചിന്തപോലും ഉണ്ടാകാൻ പാടില്ല എന്ന് ഉള്ളിൽ നിന്ന് പറയുന്നു…
മഴയും, വെയിലും, മഞ്ഞും, കാറ്റും എല്ലാം പ്രപഞ്ചം അനുഗ്രഹിച്ചു തരുന്നതാണ്, നമ്മുടെ സ്വാർത്ഥതക്കുവേണ്ടി അതിൽ ഒരു മാറ്റം വരണം എന്ന് ചിന്തിക്കുന്നതുപോലും തെറ്റാണ്… കൂടാതെ, “ലോകാഃ സമസ്താഃ സുഖിനോ ഭവന്തു” എന്നാണ് നമ്മൾ ആഗ്രഹിക്കേണ്ടതെന്ന് ഗുരുദേവൻ പറഞ്ഞു തന്നിട്ട് വീണ്ടും ഞാൻ എങ്ങനെ സ്വാർത്ഥമായി ആഗ്രഹിക്കും? (പൊട്ടിച്ചിരിക്കുന്ന ഗുരുദേവൻ)
പലരും മെഡിറ്റേഷന് തടസ്സം വരാതെയിരിക്കാൻ വേണ്ടി മഴ പെയ്യല്ലേ എന്നൊക്കെ പ്രാർത്ഥിക്കാറുണ്ട്.. പ്രപഞ്ചം മഴ പെയ്യിക്കാതെ ആഗ്രഹം സാധിച്ചു എന്നൊക്കെ വളരെ സന്തോഷപൂർവം പറയാറുണ്ട്… ഒന്നാലോചിച്ചു നോക്കൂ, നമ്മൾ ഒരാൾക്ക് മെഡിറ്റേഷൻ ചെയ്യാൻ വേണ്ടി എത്രയോ ജീവിജാലങ്ങളുടെ സൗഭാഗ്യത്തെ ആണ് ഇല്ലാതെയാക്കുന്നത്…? നമുക്ക് മാത്രമേ മഴ പെയ്യാതെ ഇരിക്കാൻ ആഗ്രഹമുള്ളു. ചുറ്റുപാടും ഉള്ളതിനൊക്കെ മഴ ആവശ്യമായിരിക്കും എന്ന് എന്തുകൊണ്ടാണ് നമ്മൾ ചിന്തിക്കാത്തത്…? നമ്മുടെ സമർപ്പണംകൊണ്ട് ആഗ്രഹങ്ങൾ പ്രപഞ്ചം സാധിച്ചു തന്നെന്നിരിക്കും, പക്ഷെ സാർത്ഥത നല്ലതല്ല…
നമ്മൾ എന്ത് അനുഭവിക്കുന്നുണ്ടെങ്കിലും അത് നമ്മൾ മനുഷ്യർ കാണിച്ചുകൂട്ടുന്ന അധർമ്മങ്ങൾക്കുള്ള പ്രപഞ്ചത്തിന്റെ പ്രതികരണം ആണ്. അതുൾക്കൊണ്ട് നമ്മൾ ആണ് മാറേണ്ടത്… പ്രപഞ്ചവുമായി ഇഴുകി ചേർന്ന് ജീവിക്കുമ്പോൾ മഴയും വെയിലും ഒക്കെ നമുക്കൊരു വിഷമമായി പോലും തോന്നില്ല…

